എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂക്കോട്ടുംപാടം സ്വദേശിനി വിഷ്ണുജയുടെ മരണത്തിലാണ് ഭര്‍ത്താവ് പ്രബിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തരമായ മാനസികപീഡനത്തെ തുടര്‍ന്നാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞ് വിഷ്ണുജയെ പ്രബിന്‍ നിരന്തരം അപമാനിച്ചെന്നാണ് പരാതി.
‘അവളെ ബൈക്കില്‍ കയറ്റില്ലായിരുന്നു, അവന്‍റെ കൂടെ യാത്ര ചെയ്യാന്‍ അവള്‍ക്ക് സൗന്ദര്യം ഇല്ലെന്നാണ് അവന്‍ പറഞ്ഞിരുന്നത്.ബസിലാണ് എന്‍റെ കൊച്ച് യാത്ര ചെയ്തിരുന്നത് ’, മകള്‍ അനുഭവിച്ച വേദനയെ പറ്റി വിഷ്ണുജയുടെ പിതാവ് പറഞ്ഞത് ഇങ്ങനെ, സ്ത്രീധനം നൽകിയത് കുറവാണെന്ന് പറഞ്ഞ് ഉപദ്രവിച്ചതായും കുടുംബം ആരോപിക്കുന്നു. 2023 മെയ് മാസത്തിലാണ് പ്രബിനും വിഷ്ണുജയും വിവാഹിതരായത്. പ്രബിന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. വിവാഹം കഴിഞ്ഞതുമുതല്‍ പ്രബിന്‍ വിഷ്ണുജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബം പറയുന്നത്.