പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ പ്രസ്താവനയ്ക്കെതിരെ പാട്യം ഗോപാലന്‍റെ മകന്‍ എന്‍പി ഉല്ലേഖിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞകാര്യം മുൻകാല പ്രാബല്യത്തിൽ നടത്തിനോക്കിയാൽ പല പഴയ ജനറൽ സെക്രട്ടറിമാരെയടക്കം പുറത്താക്കേണ്ടിവരുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഉല്ലേഖ് ആവശ്യപ്പെട്ടു.
മദ്യപിക്കരുത് എന്നാണ് പാര്‍ട്ടി നിലപാടെന്നും മദ്യപിക്കുന്നവരുണ്ടെങ്കില്‍ പുറത്താക്കുമെന്നും തങ്ങളാരും ഒരുതുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ലെന്നുമാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. കോണ്‍ഗ്രസിനെ അവരുടെ നേതാക്കള്‍ക്കോ പ്രശ്നമല്ലാത്ത മദ്യവിരുദ്ധത എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ ഇത്ര ഭീമമായ അച്ചടക്കപ്രശ്നമായി കാണണമെന്നും ഉല്ലേഖ് ചോദിക്കുന്നു.
Also Read: പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാര്‍ നടത്താം; മദ്യപിക്കുന്നതിനാണ് തടസമെന്ന് എം.വി.ഗോവിന്ദന്‍
ആചാര്യന്മാർ എല്ലാവരും തന്നെ മദ്യം കഴിക്കുന്നവർ ആയിരുന്നു. 'മൂലധനം' വിറ്റ കാശ് അതെഴുതാൻ വേണ്ടി താൻ കുടിച്ച മദ്യത്തിനും സിഗാറിനും തികഞ്ഞില്ല എന്ന് സാക്ഷാൽ മാർക്സ് തന്നെ പറഞ്ഞിട്ടുള്ളതാണ്. സഖാവ് യെച്ചൂരി സിഗരറ്റ് വലിച്ചു അസുഖം വന്നയാളായിരുന്നു. നായനാർക്ക് ബീഡിവലിക്കാതെ ഉറക്കം വരാത്ത ആളായിരുന്നു. എന്തിനു പറയുന്നു എന്റെ പിതാവ് പാട്യം ഗോപാലൻ നാല്പത്തിയൊന്നാം വയസ്സിൽ മരണപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ പുകവലിയായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്, എന്നും ഫെയ്സ്ബുക്ക് കുറിപ്പിലുണ്ട്.
കുറിപ്പിന്‍റെ പൂര്‍ണരൂപം,
എനിക്ക് വളരെ പ്രിയപ്പെട്ട നേതാവാണ് സഖാവ് എംവി ഗോവിന്ദൻ.
SFIക്കാലത്തു ഞാൻ ഏറ്റവുമടുത്ത്ഇടപെട്ട മാർക്സിസ്റ്റ് നേതാവാണ് അദ്ദേഹം. അന്ന് പാർട്ടിക്ലാസുകൾ എടുത്തിരുന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തോട് അന്നും ഇന്നും ബഹുമാനമുണ്ട്. അദ്ദേഹം സംസ്ഥാനസെക്രട്ടറി ആയതിൽ സന്തോഷിച്ചയാളുമാണ് ഞാൻ. വളരെ സ്നേഹസമ്പന്നനായ ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. ലാളിത്യം എന്നത് അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈയിടെ വന്ന പ്രസ്താവനകളോട് വിയോജിക്കാതെ വയ്യ. അദ്ദേഹത്തിന്റെ അഭ്യദയകാംഷി എന്ന നിലയിലാണ് ഇതൊക്കെ എഴുതുന്നതും.
മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമാണ് എന്നതിൽ ആർക്കും തർക്കമില്ല. അമിതാഹാരവും അങ്ങനെതന്നെ.
പക്ഷെ മദ്യപാനത്തിന്റെ പേരിൽ ഇത്ര കടുംപിടുത്തം വേണോ എന്ന് അദ്ദേഹത്തോട് ഉറക്കെ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
മദ്യപാനത്തിൽ വേണ്ട കരുതൽ അച്ചടക്കമാണ്. ഉത്തരവാദിത്തപരമായ മദ്യപാനം മറ്റാർക്കും ദ്രോഹം വരുത്താത്ത മദ്യപാനം അതൊക്കെ ഇത്രവലിയ കുറ്റമാണോ?
നോക്കുക. മദ്യപാനത്തെ നഖശിഖാന്തം എതിർത്ത പാരമ്പര്യം ഗാന്ധിസം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിനാണ്. പക്ഷെ ഇപ്പോൾ അതവർക്ക് പ്രശ്നമേയല്ല. ഗാന്ധിജിയുടെ പേരിൽ മദ്യനിരോധനം കൊണ്ടുവന്നത് ഗുജറാത്തിലാണ്. എന്നാലോ (അവിടെ താമസിച്ച ഒരാളെന്നനിലയിൽ എനിക്ക് സത്യം അറിയാം) അവിടെ മദ്യം അവിടെ സുലഭമാണ്.
പറഞ്ഞുവന്നത് ഗാന്ധിജിയുടെ മദ്യവിരുദ്ധത കോൺഗ്രസ്സ്നോ അവരുടെ നേതാക്കൾക്കോ ഒരു പ്രശ്നമേയല്ല. അപ്പോൾ എന്ത് കൊണ്ട് കമ്മ്യൂണിസ്റ്കാർ മദ്യവർജ്ജനം ഇത്ര ഭീമമായ അച്ചടക്കപ്രശ്നമായി കാണണം?
ആചാര്യന്മാർ എല്ലാവരും തന്നെ മദ്യം കഴിക്കുന്നവർ ആയിരുന്നു. കാൾ മാർക്സ് മുതൽ നോക്കിയാൽ മതി. 'മൂലധനം' വിറ്റ കാശ് അതെഴുതാൻ വേണ്ടി താൻ കുടിച്ച മദ്യത്തിനും സിഗാറിനും തികഞ്ഞില്ല എന്ന് സാക്ഷാൽ മാർക്സ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ബൈബിൾ വിറ്റഴിക്കപ്പെട്ടപോലെ വിൽക്കപ്പെട്ടതും ജനം വാങ്ങിക്കൂട്ടിയതും വായിച്ചതും പിന്നീടാണ്. അദ്ദേഹത്തിന്റെ മരണശേഷമാണ്.
ലോകകമ്മ്യൂണിസ്റ്റ് നേതാക്കളിൽ മദ്യപിക്കാത്തവരായി ആരും തന്നെയില്ല എന്ന് പറയാം. റഷ്യയിലെ അല്ലെങ്കിൽ യൂറോപ്പിലെ കാലാവസ്ഥയാണ് അതിനു കാരണം എന്നുപറഞ്ഞയൊഴിയാൻ പറ്റില്ല. കേരളത്തിനു സമാനമായ കാലാവസ്ഥയുള്ള ക്യൂബയിൽ മദ്യപിക്കാത്ത നേതാക്കൾ ഉണ്ടായിട്ടില്ല. സിഗാർ വലിക്കാത്ത ഒരു മനുഷ്യജീവിയും അവിടെ ഇല്ല. ആ ശീലങ്ങളൊന്നും അവരുടെ വിപ്ലവവീര്യത്തെയോ പാർട്ടി അച്ചടക്കത്തെയോ കുറച്ചിട്ടുമില്ല.
സ്റ്റാലിനോട് വിൻസ്റ്റൺ ചർചിലിനുണ്ടായിരുന്ന ആരാധനകളിൽ ഒന്ന് ഇത്രയും മദ്യം കഴിച്ചിട്ടും ജിൽ ജിൽ ആയി അദ്ദേഹം നടക്കുന്നു എന്നതായിരുന്നു. ചൈനയിലും കാര്യം ഇതുപോലെ തന്നെ. അപ്പോഴും ഇപ്പോഴും.
ഇനി ഇന്ത്യയിലെ കാര്യം നോക്കൂ.
ഗോവിന്ദൻ മാഷ് പറഞ്ഞകാര്യം മുൻകാല പ്രാബല്യത്തിൽ നടത്തിനോക്കിയാൽ പല പഴയ ജനറൽ സെക്രെട്ടറിമാരെയടക്കം പുറത്താക്കേണ്ടിവരും. സുന്ദരയ്യ, ഇ.എം.എസ് എന്നിവരൊഴികെ ആരും മദ്യം കഴിക്കാത്തവരല്ലായിരുന്നു. ഇ.എം.എസ് പോലും അന്താരാഷ്ട്ര സദസ്സുകളിൽ ഒരു സിപ് എങ്കിലും അതിഥികൾ കാണിക്കേണ്ട മര്യാദയുടെ ഭാഗമായി കഴിച്ചിരുന്നു എന്നെഴുതിയിട്ടുമുണ്ട്.
പുകവലിയെക്കുറിച്ചു മാഷ് പറഞ്ഞു. സഖാവ് യെച്ചൂരി സിഗരറ്റ് വലിച്ചു അസുഖം വന്നയാളായിരുന്നു. നായനാർക്ക് ബീഡിവലിക്കാതെ ഉറക്കം വരാത്ത ആളായിരുന്നു. എന്തിനു പറയുന്നു എന്റെ പിതാവ് പാട്യം ഗോപാലൻ നാല്പത്തിയൊന്നാം വയസ്സിൽ മരണപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ പുകവലിയായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
പാർട്ടിയിലെ പലനേതാക്കളും ഉത്തരവാദപ്പെട്ടരീതിയിൽ മദ്യപിക്കുന്നവരും ചിലരെല്ലാം കയ്യും കണക്കുമില്ലാതെ പുകവലിക്കുന്നവരുമായിരുന്നു. ഇവരെയെല്ലാം മുൻകാലപ്രാബല്യത്തിൽ പുറത്താക്കാൻ പറ്റുമോ? വിപ്ലവവീര്യമില്ലെങ്കിലും പുകവലിക്കാതിരുന്നാൽ അല്ലെങ്കിൽ മദ്യപിക്കാതിരുന്നാൽ അത് കമ്മ്യൂണിസ്റ് ഗുണമായി മാറുമോ?
SFIക്കാലത്തു പല പാർട്ടിനേതാക്കളോടു പണം വാങ്ങി വിൽസ് സിഗരറ്റ് വലിച്ചിട്ടുണ്ട് (ഞാനിപ്പോൾ പുകവലിക്കാറില്ല എന്നത് വേറെ കാര്യം). അവരൊന്നും ഇത്തരം കാര്യങ്ങൾ വലിയ കുറവായി കണ്ടിട്ടേയില്ല. അത് പാർട്ടിയുടെ ഒരു രീതി ആയിരുന്നില്ല.
അമിതമദ്യപാനം പ്രശ്നമാണ്. അതുപോലെ അമിതമായ പുകവലിയും. അമിതാഹാരം പോലെ തന്നെ. ലൈംഗികമായ കടന്നാക്രമണം പോലെ തന്നെ.
പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ -- പ്രത്യേകിച്ച് ഗോവിന്ദൻ മാഷ് -- ഉൾക്കൊള്ളേണ്ട സത്യം മറ്റൊന്നാണ്. ഇതുപോലുള്ള പ്രശ്നങ്ങളിൽ വ്യക്തിപരമായി ഇടപെട്ടു നിയന്ത്രിക്കുക എന്നല്ലാതെ മദ്യപാനം എന്നത് ഒരു പൊതുഘടകമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടേണ്ട ലംഘനമായി കാണുന്നത് മണ്ടത്തരമാണ്. വ്യക്തിസ്വാതന്ത്രത്തിലുള്ള കൈകടത്തലാണത്. തൊഴിലാളിവർഗപാർട്ടിയുടെ ലക്ഷ്യങ്ങൾ എത്രയോ വലുതാണ്. മദ്യപാനം പുകവലി എന്നിവയിൽ പിടിച്ചുതൂങ്ങി നിസ്സാരവൽകേണ്ടവയല്ല അതൊന്നും.
മദ്യപിക്കാത്ത പല ദുഷ്ടന്മാരെയും എനിക്കറിയാം. അവരാണോ സിപിഎംന്റെ ഭാവിയിലെ നേതാക്കളായി മാഷ് കാണുന്നത്?
മദ്യം കഴിക്കുന്നവരെയെല്ലാം മദ്യപാനികളായി ചുരുക്കുന്ന ഈ സമീപനം മദ്യത്തെ പറ്റി ഒരു ചുക്കും അറിയാത്തവരെ പറയുള്ളൂ.
മാഷിന്റെ തീരുമാനം അദ്ദേഹം പുനഃപരിശോധിക്കണം.
കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‍നം മദ്യമോ പുകവലിയോ പോലുമല്ല. ചെറുപ്പക്കാർ പലരും മയക്കുമരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. അക്കൂട്ടത്തിൽ പാവപ്പെട്ട കഞ്ചാവിനെ ഉൾപെടുത്താൻപോലും പറ്റില്ല. കാലം മാറി. ആരോഗ്യപരിപാലനത്തെ കുറിച്ച് പൊതുജനം വളരെ ബോധവാന്മാരാണ്. മദ്യം കഴിക്കുന്ന പലരും അതൊരു സോഷ്യൽ ആക്ടിവിറ്റിയുടെ ഭാഗമായേ കാണുന്നുളളൂ. പുകവലി വളരെയധികം കുറഞ്ഞിരിക്കുന്നു.
പാർട്ടിയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തികൾ ശ്രദ്ധചെലുത്തേണ്ട വിഷയങ്ങൾ ഇവയൊന്നുമല്ല. ഏതോ പത്രക്കാരൻ ചോദിച്ച ചോദ്യത്തിന് മറുപടിയായി ഇത്തരം അപ്രായോഗികമായ തിയറികൾ എഴുന്നള്ളിക്കേണ്ട കാര്യം അവർക്കില്ല. സംസാരിക്കുമ്പോൾ വേണ്ട കൺട്രോൾ ഇല്ലാതെ പോവുന്നു എന്നാണ് ഞാൻ കരുതുന്നത്.
അതുമാറാതിരുന്നാൽ ഈ നേതാക്കൾ അവഹേളിക്കപ്പെടും എന്ന പച്ചയായ യാഥാർഥ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഞാൻ പച്ചയ്ക്കിരിക്കുന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
ഒന്ന് ആലോചിച്ചുനോക്കുക. തങ്ങൾ ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ല എന്ന് ലെനിനോ ഹോചിമിനോ ഫിഡൽ കാസ്‌ട്രോയ്‌ക്കോ ചെ ഗുവാരക്കോ പറയാൻ പറ്റില്ലായിരുന്നു. അതുകൊണ്ടു അവരെല്ലാം ഞങ്ങളെക്കാൾ ചെറിയ വിപ്ലവകാരികളാണ് എന്ന വികലമായ വാദമാണ് മാഷ് ഉയർത്തിയിരിക്കുന്നത്. അത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.