പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാര്‍ നടത്താമെന്നും മദ്യപിക്കുന്നതിനാണ് തടസമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മനോരമന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ചവറ എം.എല്‍എയുടെ അച്ഛന്‍ ബാര്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പന്ന കുടുംബാംഗമായിരുന്നു എം.എല്‍.എയിടെ അച്ഛന്‍. എംഎല്‍എ എന്ന ചുമതലയാണ് മകന്‍ നിര്‍വഹിക്കുന്നത്. ബാറിന്‍റെ ചുമതലയല്ല. അങ്ങനെ നിരവധിയാളുകളുണ്ടാകും. ബാര്‍ മുതലാളിമാരുടെ മക്കളൊക്കെ ചിലപ്പോ സിപിഎമ്മിന്‍റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെയും ഡിവൈഎഫ്ഐയുടെയുമൊക്കെ ഭാഗമായിട്ടുണ്ടാകും. അങ്ങനെയാകാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത്. മദ്യപാനാസക്തിയും മദ്യപിക്കുന്നതും തെറ്റാണെന്നാണ് ഞങ്ങളുടെ ഭരണഘടന തന്നെ പറയുന്നത്. പറഞ്ഞത് നടപ്പിലാക്കും. ഞങ്ങള്‍ ആ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിക്കുന്നുമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരാകുമെന്നും താന്‍ പറഞ്ഞ വാചകം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മല്‍സരക്കുന്നതില്‍ രണ്ടു ടേം എന്ന നിബന്ധന മാറ്റില്ലെന്നും അത്തരമൊരു സാഹചര്യമില്ലെന്നും എ.വി.ഗോവിന്ദന്‍ വ്യക്തമാക്കി.