കഴിഞ്ഞ ഓഗസ്റ്റില്‍ ഹരിപ്പാട് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷിച്ച പൊലീസുകാന്‍ വീണ്ടും രക്ഷകനായി. ഈ തവണ ഇരുപതുകാരനെയാണ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദ് രക്ഷിച്ചത്. ഹരിപ്പാട് അനാരിയിൽ ജനശതാബ്ദി ട്രെയിനിന് മുൻപിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിൻ തൊട്ടടുത്ത് എത്താറായപ്പോഴായിരുന്നു ട്രാക്കിൽ നിന്നും സിപിഒ നിഷാദ് യുവാവിനെ പിന്തിരിപ്പിച്ചത്. യുവാവിനെ രക്ഷിക്കുന്നതിനിടയിൽ നിഷാദിന് പരുക്കേറ്റു.
യുവാവിനെ കാണാനില്ലെന്ന് പരാതിയെ തുടര്‍ന്നായിരുന്നു മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദ് റെയില്‍വേ ട്രാക്കില്‍ എത്തിയത്. 200 മീറ്റര്‍ അകലെ യുവാവ് ഉണ്ടെന്ന് മനസ്സിലായെങ്കിലും ഹരിപ്പാട് നിന്ന് ജനശതാബ്ദി എക്‌സ്പ്രസ് പുറപ്പെട്ടിരുന്നു. ഏകദേശം 100 മീറ്റര്‍ എത്തിയപ്പോൾ ട്രെയിൻ വരുന്നത് കാണുന്നുണ്ടായിരുന്നു. യുവാവ് ട്രാക്കിൽ തന്നെ നിൽക്കുകയായിരുന്നു. ഓടി യുവാവിന് അടുത്ത് എത്തുക പ്രയാസകരമായിരുന്നു.
Also Read; മൂക്കറ്റം കടം, ആര്‍ഭാട ജീവിതം വിടാതെ അഫാനും അമ്മയും; ബാധ്യത കേട്ട് ഞെട്ടി പിതാവ്
എങ്കിലും വെല്ലുവിളി ഏറ്റെടുത്ത് നിഷാദ് മുന്നോട്ട് കുതിച്ചു. യുവാവിന്റെ തൊട്ടടുത്തെത്തുമ്പോഴേക്കും തൊട്ട് പുറകില്‍ ട്രെയിനും കുതിച്ചു വരുകയായിരുന്നു. ട്രെയിൻ അടുത്ത് വരുന്നത് കണ്ടതോടെ ഡാ ചാടെല്ലെടാ പ്ലീസ്... എന്ന് അലറി വിളിച്ച് നിഷാദ് ഓടുകയായിരുന്നു. ഇതിനിടെ കാല് തെറ്റി ട്രാക്കിൽ വീണു. ഭാഗ്യത്തിന് ട്രെയിൻ വരുന്നതിന് മുമ്പ് ഇപ്പുറത്തേക്ക് മാറാൻ കഴിഞ്ഞു. എന്തായാലും വിളി കേട്ടതോടെ യുവാവും ട്രാക്കിൽ നിന്ന് മാറി.
രക്ഷാപ്രവര്‍ത്തനത്തിനിടെ സിപിഒ നിഷാദിന് കാലിനും കൈക്കും പരുക്കേറ്റിട്ടുണ്ട്. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചില കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ട്രെയിനിനു മുന്നില്‍ ചാടി മരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം അതിന് തൊട്ടുമുന്‍പായിട്ട് നിഷാദിന്റെ ഇടപെടലാണ് ആത്മഹത്യയില്‍ നിന്നും യുവാവിനെ രക്ഷപ്പെടുത്തിയത്.