സ്കൂളിന് സമീപം കാട്ടാനകൾ തമ്പടിച്ചതോടെ പരീക്ഷയ്ക്ക് എങ്ങനെ പോകുമെന്ന ആശങ്കയിലായിരുന്നു മൂന്നാർ ഗൂഡാർവിള ഹൈസ്കൂളിലെ വിദ്യാർഥികൾ. എന്നാൽ ബുദ്ധിമുട്ട് മനസ്സിലാക്കി ആർ ആർ ടി സംരക്ഷണവുമായി എത്തിയതോടെ വിദ്യാർഥികളുടെ ആശങ്കയൊഴിഞ്ഞു. ഒരല്പം ബുദ്ധിമുട്ടിയാലും പരീക്ഷ തീരും വരെ കാവൽ തുടരാനാണ് മൂന്നാർ ആർ ആർ ടി യുടെ തീരുമാനം
പടയപ്പയടക്കം ഏഴ് ആനകൾ അടങ്ങുന്ന കൂട്ടം 10 ദിവസം മുൻപാണ് ഗൂഡാർവിള സ്കൂളിന് സമീപം എത്തിയത്. ക്ലാസ്സ് സമയത്ത് എത്തിയ ആനകളെ ആർ ആർ ടി തുരത്തിയൊടിച്ചിരുന്നു. പക്ഷേ ആനക്കൂട്ടം പിന്നെയും തിരിച്ചെത്തിയതോടെ അധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലായി. ഇതോടെ ആനകൾ മൂലം ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് അർ അർ ടി ഉറപ്പ് നല്‍കി. രാവിലെ സ്കൂളിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നത് മുതൽ സുരക്ഷ തുടങ്ങും.