കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ രോഗികളായ കുഞ്ഞുങ്ങളുടെ ചിരിയെ ചേര്‍ത്തുപിടിക്കുകയാണ് സി ഫോര്‍ സിസിസിഐ എന്ന സംഘടന. കുട്ടികളുടെ കാന്‍സര്‍ വാര്‍ഡില്‍ ഇവരുടെ പ്രവര്‍ത്തനം രണ്ട് പതിറ്റാണ്ടിനോട് അടുത്തു. കുട്ടികള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യ പാലിയേറ്റീവ് കെയര്‍ തുടങ്ങിയതും ഇവരാണ്.
കുഞ്ഞുമുഖങ്ങളിലെ പുഞ്ചിരിമായരുത്. കുഞ്ഞുജീവിതങ്ങള്‍ ചേര്‍ത്തുപിടിക്കണം. ഈ ലക്ഷ്യത്തോടെയാണ് 2007 ല്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം സി ഫോര്‍ ചൈല്‍ഡ് ഹുഡ് കാന്‍സര്‍ ആന്‍ഡ് ക്രോണിക് ഇല്‍നെസ് എന്ന സംഘടന രൂപീകരിച്ചത്. കാന്‍സര്‍ മൂലം മാനസികമായി തകര്‍ന്നുപോയ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണിവര്‍.
വൈകാരിക പിന്തുണയ്ക്കപ്പുറം സാമ്പത്തിക സഹായവും നല്‍കുന്നു. കുട്ടികളുടെ മാനസികോല്ലാസത്തിനായി ജന്മദിനങ്ങളടക്കമുള്ളവ ഗംഭീരമായി ആഘോഷിക്കും. വാര്‍ഡിന് സമീപം തന്നെ വായനശാലയും കളിക്കളവും ഒരുക്കിയിട്ടുണ്ട്. ഒപ്പം കുഞ്ഞുങ്ങളെ പോലെ തന്നെ അമ്മമാരെയും അധ്യാപകരെയും ബോധവത്കരിക്കും.
വീടുകളിലേക്ക് പരിചരണം എത്തിക്കുന്ന പീഡിയാട്രിക് പാലീയേറ്റിവ് കെയറിനും സംഘടന ഈവര്‍ഷം തുടക്കം കുറിച്ചു. എല്ലാ വര്‍ഷവും പുനര്‍ജനി എന്ന പേരില്‍ വാര്‍ഷിക കൂട്ടായ്മയും സംഘടിപ്പിക്കും. 35 ഓളം പേരാണ് നിലവില്‍ സംഘടനയിലുള്ളത്.