കോഴിക്കോട് കോടഞ്ചേരിയില്‍ പൊട്ടന്‍കോട് മലയില്‍ കാണാതായ വയോധികയ്ക്കായി തിരച്ചില്‍ തുടരുന്നു. മംഗലത്ത് വീട്ടില്‍ ജാനുവിനെയാണ്കാണാതായത്. ജാനുവിന്‍റേത് എന്നുകരുതുന്ന വസ്ത്രങ്ങള്‍ കാട്ടില്‍ നിന്ന് കണ്ടെത്തി.
79 വയസുകാരിയായ ജാനുവിനെ ഞായറാഴ്ചയാണ് കാണാതായത്. മറവിരോഗമുള്ള ജാനു വീട്ടില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നു. ഇവരുടെ വീടിന് മുകള്‍ഭാഗത്ത് കാടാണ്. കാണാതായ ദിവസം വൈകീട്ട് കാടിന് സമീപത്ത് നിന്ന് ജാനുവിനെ നാട്ടുകാര്‍ കണ്ടിരുന്നു. ഈ കാട്ടില്‍ നിന്നാണ് ഇന്ന് വൈകീട്ടോടെ ജാനുവിന്‍റെ വസ്ത്രങ്ങള്‍ കണ്ടെത്തിയത്. കാട്ടില്‍ വിറകുശേഖരിക്കാനെന്ന ഓര്‍മയില്‍ ഇവര്‍ ഇടയ്ക്ക് കാട്ടിലേക്ക് പോവാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒന്നാം തിയതി വീടിനുപുറകിലുള്ള മലയിലേക്ക് പോയ ജാനു അടുത്ത ദിവസം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പിന്നീട് വൈകീട്ടോടെ വീണ്ടും കാണാതാവുകയായിരുന്നു. ഇവരെ കാണാതായെന്ന് സംശയിക്കുന്ന പ്രദേശത്തിന് സമീപമാണ് കഴിഞ്ഞദിവസം പുലിയെ കണ്ടത്. ഡ്രോണിന്‍റെ സഹായത്തോടെ കോടഞ്ചേരി പൊലീസ് തിരച്ചില്‍ തുടരുകയാണ്.