വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പാങ്ങോട് സൽമാ ബീവിയുടെ വീട്ടിലും അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലും എത്തിച്ചാണ് പൊലീസ് തെളിവെടുപ്പു നടത്തിയത്. കൊലപാതകം നടന്ന ഫെബ്രുവരി 24ന് ശേഷം ആദ്യമായാണ് അഫാനെ ക്രൂരകൃത്യങ്ങൾ നടന്ന വീടുകളിൽ എത്തിച്ചത്.
അതേ സമയം അഫാൻ പാങ്ങോട് സ്റ്റേഷനിൽ ഭക്ഷണം കഴിക്കുന്നതിനു വിമുഖത പ്രകടിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിൽ എന്താണ് പ്രശ്നം എന്നു പൊലീസ് ചോദിച്ചപ്പോൾ താൻ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടർന്ന് അഫാന്റെ ഇഷ്ട ഭക്ഷണങ്ങൾ പൊലീസ് വാങ്ങി നൽകി. നേരത്തെ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മീൻകറി വേണമെന്ന് അഫാൻ ആവശ്യപ്പെട്ടിരുന്നു. രാത്രി കിടക്കുന്നതിനു വേണ്ടി പേപ്പറുകൾ നൽകിയിരുന്നു. തനിക്ക് വെറും തറയിൽ കിടക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് പൊലീസ് സെല്ലിൽ കിടക്കുന്നതിനുള്ള പായ സംഘടിപ്പിച്ചു നൽകി.
തെളിവെടുപ്പ് പൂർത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കിയയച്ച ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഫാന്റെ മാനസികനില വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഡിഎംഒയ്ക്ക് ഉടൻ കത്തുനൽകും. ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചാൽ ഇക്കാര്യം കോടതിയിൽ അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാനാണ് പൊലീസ് തീരുമാനം.