snake-muralee-fb-post

കേരളത്തിലെ പാമ്പു പിടിക്കലിന്‍റെ പോരായ്മകളും അപകട സാധ്യതയും ചൂണ്ടിക്കാട്ടി മുരളി തുമ്മാരുകുടി. പാമ്പുപിടിക്കുന്ന സ്ഥലത്ത് നിൽക്കുന്ന ജനക്കൂട്ടം പാമ്പുപിടിത്തക്കാര്‍ക്ക് അപകടമുണ്ടാക്കുന്നുവെന്നും, കാച്ചറും സ്പോട്ടറും തമ്മിലുള്ള കമ്യൂണിക്കേഷൻ ബുദ്ധിമുട്ടിലാക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

പാമ്പുപിടിക്കാൻ ആളെത്തിയാൽ ആ പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും ഹാജരാവുന്നത് നല്ലതല്ല. പാമ്പിനെ പിടിക്കുന്നവർക്ക് നിർദ്ദേശം നൽകാൻ ഒന്നല്ല ഒരു ഡസൻ പരസഹായ സ്പോട്ടർമാരാണുള്ളത്. ഇന്നു കണ്ട ഒരു വീഡിയോയിൽ "ഒന്നു കേറടാ ചക്കരേ" എന്ന് പാമ്പിനും നിർദ്ദേശം നൽകുന്നുണ്ടെന്ന് പരിഹാസരൂപേണെ അദ്ദേഹം കുറിച്ചു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരു പാമ്പിനെ പിടിക്കാൻ എത്ര ആൾ വേണം?

സാധാരണ ഗതിയിൽ രണ്ടാളുകൾ

ഒരാൾ "സ്പോട്ടർ" പാമ്പിൽ നിന്നും അല്പം സുരക്ഷിതമായ ഭൂരത്തിൽ എന്നാൽ പാമ്പിരിക്കുന്ന സ്ഥലം കൃത്യമായി കാണാവുന്ന തരത്തിൽ ആയിരിക്കണം സ്പോട്ടർ. പാമ്പുകടിക്കുള്ള പ്രഥമ ശുശ്രൂഷയിൽ പരിശീലനം ലഭിച്ച ആളായിരിക്കണം. പ്രഥമ ശുശ്രൂഷ കിറ്റ് അടുത്ത് വേണം. പാമ്പ് പിടിക്കുന്ന ആളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇദ്ദേഹത്തിൻ്റെ ജോലി.

രണ്ടാമത്തേത് "കാച്ചർ". പാമ്പിൽ നിന്നും കടിയേൽക്കാതിരിക്കാനുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരിക്കണം. പാമ്പിനെ പിടിക്കാനുള്ള കൃത്യമായ ഉപകരണങ്ങൾ കയ്യിൽ വേണം. പിടിക്കുന്ന പാമ്പിനെ സുരക്ഷിതമായി കൊണ്ടുപോകാൻ ഉള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം. സ്വന്തം സുരക്ഷ ഉറപ്പാക്കി പാമ്പിനെ സാധിക്കുന്നിടത്തോളം സുരക്ഷിതമായി പിടിക്കുക എന്നതാണ് കാച്ചറുടെ ഉത്തരവാദിത്തം.

വലുപ്പം കൂടിയ പാമ്പാണെങ്കിൽ, തെളിഞ്ഞ പ്രദേശമല്ലെങ്കിൽ, വെളിച്ചം കുറവാണെങ്കിൽ ഒരു സഹായി കൂടി ആകാം. സഹായിയും കാച്ചറുടെ തുല്യമായ പരിശീലനം ഉള്ള ആളാകണം. വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരിക്കണം.

ഇതിനപ്പുറം പാമ്പുപിടിക്കുന്ന സ്ഥലത്ത് നിൽക്കുന്ന ഓരോരുത്തരും അവർക്ക് അപകടമുണ്ടാക്കുന്നു, കാച്ചറും സ്പോട്ടറും തമ്മിലുള്ള കമ്യൂണിക്കേഷൻ ബുദ്ധിമുട്ടിലാക്കുന്നു. പാമ്പുപിടിക്കുന്ന ആളുടെ ജോലി കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. മൊത്തത്തിൽ അപകട സാധ്യത കൂട്ടുന്നു. 

ഇതൊക്കെയാണ് ആഗോളമായ രീതി. 

പക്ഷെ നമുക്ക് ഒരു നാടൻരീതിയുണ്ട്.

പാമ്പുപിടിക്കാൻ ആളെത്തിയാൽ ആ പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും ഹാജർ. സ്ത്രീ പുരുഷ വ്യത്യാസമില്ല.

സ്ഥലത്തില്ലാത്തവർക്ക് വീഡിയോ എടുക്കാൻ മൊബൈൽ ഉള്ളവർ ഒക്കെ റെഡി.

പാമ്പിനെ പിടിക്കുന്നവർക്ക് നിർദ്ദേശം നൽകാൻ ഒന്നല്ല ഒരു ഡസൻ പരസഹായ സ്പോട്ടർമാർ.

ഇന്നു കണ്ട വീഡിയോവിൽ പാമ്പിനും നിർദ്ദേശം നൽകുന്നുണ്ട്

"ഒന്നു കേറടാ ചക്കരേ"

കേരളത്തിൽ പാമ്പിനെ പിടിക്കുന്ന ഒരാൾ പോലും പൂർണ്ണമായി വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചു കണ്ടിട്ടില്ല. അതവർക്ക് അറിയാത്തത് കൊണ്ടാണോ ഇല്ലാത്തത് കൊണ്ടാണോ എന്നെനിക്ക് അറിയില്ല.

എന്താണെങ്കിലും നല്ലസ്കില്ലും അതിലേറെ ഭാഗ്യവും കൊണ്ടാണ് നമ്മുടെ കാച്ചർമാർ അപകടമാല്ലാതെ പോകുന്നത്.

കണ്ടുനിൽക്കാൻ വരുന്നവർ ഡാർവിൻ അവാർഡിനുള്ള മത്സരാർത്ഥികൾ ആണ്. അവർക്ക് ഗുഡ്ലക്ക്.

സർക്കാരിനോട്

പാമ്പുപിടുത്തത്തിന് ചെല്ലുമ്പോൾ ഒരു 25 മീറ്റർ എങ്കിലും നോ എൻട്രി ആക്കി ആളെ ഒഴിപ്പിക്കുക. പാമ്പ് അറിയാതെ കടിച്ചുതന്നെ അനേകർ നാട്ടിൽ മരിക്കുന്നുണ്ട്, പോയി ചോദിച്ചുവാങ്ങാൻ വിടേണ്ട കാര്യമുണ്ടോ?

എൻ്റെ വായനക്കാരോട്

നിങ്ങളുടെ വീട്ടിലോ പുറത്തോ പാമ്പുപിടുത്തം നടക്കുന്നുണ്ടെങ്കിൽ അവിടെ നിന്നും പരമാവധി ഒഴിഞ്ഞുമാറി നിൽകുക. കുട്ടികളെ മാറ്റി നിർത്തുക

സുരക്ഷിതരായിരിക്കുക. 

ENGLISH SUMMARY:

dangers of catching snakes; fb post Muralee Thummarukudy