‘എന്‍റെ ഉമ്മ, ചേട്ടന്‍, മോന്‍, എല്ലാവരും നഷ്ടപ്പെട്ടു, ഇനി ഞാന്‍ നാട്ടിലേയ്ക്ക് ഇല്ലാ, അങ്ങോട്ട് വരേണ്ട എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഷമിയുടെ അവസ്ഥ മോശമാണ്, അവള്‍ക്ക് ഇനി നല്ല സപ്പോര്‍ട്ട് പോവണം, ഞങ്ങള്‍ക്ക് ഇതെല്ലാം സത്യമാണെന്ന് വിശ്വസിക്കാന്‍ ആവില്ലാ, കൊച്ചുമോന്‍ മരിച്ചെന്ന് അവള്‍ക്ക് അറിയാം, മക്കള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ ചെയ്ത് കൊടുത്തു, ആവശ്യത്തിനുള്ള പണം എല്ലാം ഞാന്‍ അയച്ചു െകാടുത്തതാണ്, 15 ലക്ഷം ബാങ്കില്‍ നിന്ന് ഞാന്‍ കടം എടുത്തിരുന്നു, അഫാന്‍ വഴിതെറ്റുമെന്ന് കരുതിയില്ല’ ഉള്ളുലഞ്ഞ് വിങ്ങി പൊട്ടുകയാണ് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ പിതാവ് റഹീം. അഫാന്‍റെ മാതാവ് ആശുപത്രി വിട്ടെന്നും ഇനി എങ്ങോട്ട് പോവണമെന്ന് അറിയില്ലെന്നും റഹീം പറയുന്നു.
അതേ സമയം കുടുംബത്തിനു സാമ്പത്തികബാധ്യതയുണ്ടാക്കിയെന്നു നിരന്തരം കുറ്റപ്പെടുത്തിയതാണു പിതാവിന്റെ സഹോദരനോടു വൈരാഗ്യം തോന്നാൻ കാരണമെന്നു കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പറഞ്ഞു. എസ്എൻപുരം ജസ്‌ല മൻസിലിൽ അബ്ദുൽ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് അഫാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
സാമ്പത്തികബാധ്യതയിൽനിന്നു കരകയറാൻ ലത്തീഫ് തനിക്കു പണം നൽകിയിരുന്നതായി അഫാൻ മൊഴിനൽകി. എന്നാൽ, പിന്നീട് പണം തിരികെ ചോദിച്ചു.പേരുമലയിൽ താനും കുടുംബവും താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കടംവീട്ടാൻ ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യതയുടെ പേരിൽ തന്നെ അപമാനിച്ചു. വിവാഹം കഴിച്ചാൽ എങ്ങനെ ജീവിക്കുമെന്നു ചോദിച്ചു പരിഹസിച്ചു. ഇവയെല്ലാം അദ്ദേഹത്തോടുള്ള വൈരാഗ്യത്തിനു കാരണമായി.
ലത്തീഫിന്റെ വീട്ടിൽ ഇന്നലെ തെളിവെടുപ്പിനെത്തിച്ച അഫാൻ കൊലപാതകം ചെയ്ത രീതി വിവരിച്ചു. രക്തം പുരണ്ട ചുറ്റിക കഴുകി വൃത്തിയാക്കി സ്വീകരണ മുറിയിലെ കസേരയിലിരുന്ന് 3 സിഗരറ്റ് വലിച്ചു. ഇറങ്ങാൻ നേരം ലത്തീഫിന്റെ ഫോൺ അടിച്ചപ്പോൾ അതു കയ്യിലെടുത്തു. കാറിന്റെ താക്കോലുമെടുത്തു. ബൈക്ക് ഓടിച്ചു തന്നെ ഫോണും താക്കോലും ലത്തീഫിന്റെ വീടിന്റെ മുന്നിലുള്ള കുഴിയിലേക്കെറിഞ്ഞു. പൊലീസ് ഇവ കണ്ടെടുത്തു.ലത്തീഫിന്റെയും ഭാര്യയുടെയും കൊലപാതകം അന്വേഷിക്കുന്ന കിളിമാനൂർ എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണു തെളിവെടുത്തത്. ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പിനു ശേഷം അഫാനെ പേരുമലയിലെ വീട്ടിലും സിഗരറ്റ്, മുളകുപൊടി,എലിവിഷം എന്നിവ വാങ്ങിയ കടകളിലുമെത്തിച്ചു തെളിവെടുത്തു. മുത്തശ്ശിയുടെ കൊലപാതകം അന്വേഷിക്കുന്ന പാങ്ങോട് പൊലീസും കഴിഞ്ഞ ദിവസം അഫാനെ ഇവിടെയെത്തിച്ച് തെളിവെടുത്തിരുന്നു.