തീവണ്ടിക്ക് മുന്നിൽ ചാടി അമ്മയും 2 പെൺമക്കളും ജീവനൊടുക്കിയ കേസിൽ, ഭർത്താവ് നോബി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമ്പോൾ വലിയ അസ്വസ്ഥനായിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ3 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
സ്റ്റേഷനിലെ സെല്ലിനുള്ളിൽ പൊട്ടിക്കരയുകയായിരുന്നു നോബി. ഭക്ഷണത്തോടും മറ്റും വലിയ താൽപര്യം കാണിക്കാത്ത നോബി മത്സ്യമാംസാദികൾ ഉപേക്ഷിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. കടുത്ത കുറ്റബോധത്തിലാണ് നോബിയെന്നും ആദ്യ ഘട്ടത്തിൽ വഴങ്ങാതിരുന്ന നോബി ഇപ്പോൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. അവസാനമായി നോബി അയച്ച സന്ദേശം എന്താണെന്നു കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. കേസിൽ പരമാവധി ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം നോബി ലൂക്കോസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകളും മറ്റും നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിർത്തു കൊണ്ടാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവർ കഴിഞ്ഞ 28ന് പുലർച്ചെയാണ് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ആദ്യം അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂർ പൊലീസ്, കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനും പിന്നാലെയാണ് കേസെടുത്തത്. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് മൂവരും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. മൂവരും ജീവനൊടുക്കിയ ദിവസം പുലർച്ചെ നോബി ഭാര്യയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നുവെന്നും ഇതിൽ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം.