ഏറ്റുമാനൂര്‍ രണ്ട് പെണ്‍മക്കളെയുമായി യുവതി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂര്‍ കോടതിയാണ് നോബിയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു. നോബിക്ക് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നും പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷയും നൽകിയിരുന്നു.കഴിഞ്ഞ ബുധനാഴ്ച ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ വ്യാഴാഴ്ചയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
നോബിയില്‍ നിന്നും കുടുംബത്തില്‍ നിന്നും കടുത്ത മാനസിക പീഡനം ഷൈനി നേരിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുന്നതിനായുള്ള നടപടികളും പുരോഗമിക്കുന്നതിനിടെയാണ് ഷൈനി ജീവനൊടുക്കിയത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് ഷൈനി അടുത്തബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കുടുംബശ്രീയില്‍ നിന്ന് ഷൈനി ലോണ്‍ എടുത്തത് ഭര്‍തൃപിതാവിന്‍റെ ചികില്‍സയ്ക്കും വീട് മോടിപിടിപ്പിക്കുന്നതിനുമാണെന്നും ഷൈനി അംഗമായിരുന്ന കുടുംബശ്രീ അംഗങ്ങള്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. മുടങ്ങാതെ ഷൈനി ലോണ്‍ അടച്ചിരുന്നുവെന്നും എന്നാല്‍ വീട്ടില്‍ നിന്ന് പോയതോടെയാണ് ലോണ്‍ മുടങ്ങിയതെന്നും അവര്‍ വെളിപ്പെടുത്തി. നോബിയാണ് ലോണ്‍ തടസപ്പെടുത്തിയതെന്നും ഒടുവില്‍ കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് ലോണ്‍ അടച്ച് തീര്‍ക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ജീവനൊടുക്കുന്നതിന് മണിക്കൂറുകൾ മുൻപ് ഷൈനിയെ നോബി വിളിച്ചിരുന്നതായി ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒന്‍പത് മാസം മുന്‍പ് ഭർതൃവീട്ടുകാർ ഷൈനിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും കല്യാണം കഴിഞ്ഞ നാൾ മുതൽ ഷൈനി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിട്ടുവെന്നും പിതാവ് പൊലീസിനോട് വിശദീകരിച്ചിരുന്നു.
ഫെബ്രുവരി 28 നാണ് കോട്ടയം–നിലമ്പൂര്‍ എക്സ്പ്രസിന് മുന്നില്‍ ചാടി ഷൈനിയും മക്കളായ ഇവാനയും അലീനയും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ഹോണ്‍ മുഴക്കിയിട്ടും മാറിയില്ലെന്നും ലോക്കോ പൈലറ്റ് വെളിപ്പെടുത്തിയിരുന്നു.