കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം ആറ്മാസം മുന്‍പ് തുടങ്ങിയെന്ന് പിടിയിലായ വിദ്യാര്‍ഥികളുടെ മൊഴി. ഹോളി ആഘോഷങ്ങള്‍ക്ക് ഘട്ടം ഘട്ടമായാണ് കഞ്ചാവ് എത്തിച്ചതെന്നും പൊലീസ് എത്തിയതോടെ ഒരു പായ്ക്കറ്റ് പുറത്തേക്കെറിഞ്ഞുവെന്നും അനുരാജ് മൊഴി നല്‍കി.
ലഹരി ഉപയോഗത്തിനപ്പുറം പെരിയാര്‍ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം തുടങ്ങിയത് ആറ് മാസം മുന്‍പാണ്. ജില്ലയിലെ പ്രധാന ലഹരിമാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചായിരുന്നു ലഹരിക്കച്ചവടമെന്നാണ് മൊഴി. ഇതിന് ഇടനിലക്കാരായി നിന്നത് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ ആഷിക്കും ഷാലിക്കുമാണ്. കഞ്ചാവ് വാങ്ങാന്‍ പണം സമാഹരിച്ചത് മൂന്നാം വര്‍ഷ വിദ്യാര്‍ഥി അനുരാജാണ്. പതിനാറായിരം രൂപ ഗൂഗിള്‍ പേ വഴി അനുരാജ് ആഷിക്കിനും ഷാലിക്കിനും നല്‍കി. രണ്ട് വിദ്യാര്‍ഥികള്‍ 7500 രൂപ നല്‍കി സഹായിച്ചു. മെസ് ഫീസ് നല്‍കാന്‍ കരുതിയ 3000 രൂപ മറച്ചാണ് ബാക്കി തുക കണ്ടെത്തിയതെന്നാണ് അനുരാജിന്‍റെ മൊഴി. കൊടുത്ത കഞ്ചാവിന്‍റെ മുഴുവന്‍ പണവും ലഭിച്ചിട്ടില്ലെന്നാണ് ഷാലിക്കിന്‍റെ മൊഴി.
കടമായും കഞ്ചാവ് നല്‍കിയിട്ടുണ്ട്. റെയ്ഡിന് തൊട്ടുമുന്‍പ് ഹോസ്റ്റലില്‍ നിന്ന് അപ്രത്യക്ഷമായി കഞ്ചാവ് പൊതികള്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. റെയ്ഡ് നടന്ന രാത്രി എട്ട് മണിയോടെ ഹോസ്റ്റലിലെത്തിയ ഒരു പായ്ക്കറ്റ് കഞ്ചാവ് സുഹൃത്തിന്‍റെ മുറിയിലാണ് അനുരാജ് ഒളിപ്പിച്ചത്. പൊലീസ് എത്തിയതോടെ ഇത് പുറത്തേക്കേറിയാന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടുവെന്നാണ് അനുരാജിന്‍റെ മൊഴി. ഇതടക്കം രണ്ട് പായ്ക്കറ്റ് കഞ്ചാവ് എവിടെയെന്നാണ് പൊലീസിന്‍റെ അന്വേഷണം. കഞ്ചാവിന്‍റെ ഉറവിടമായ ആലുവയിലെ ഇതരസംസ്ഥാനക്കാരനായുള്ള അന്വേഷണവും ഊര്‍ജിതമാണ്.
ക്യാംപസുകളില്‍ നിന്ന് ലഹരിയെ അകറ്റാന്‍ റാന്‍ഡം ഡ്രഗ് ടെസ്റ്റുകള്‍ വേണമെന്നാണ് കെഎസ് യുവിന്‍റെ ആവശ്യം.
ക്യാംപസുകളിലും ഹോസ്റ്റലുകളിലും വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനൊരുങ്ങുകയാണ് അന്വേഷണ ഏജന്‍സികള്‍.