cinema-list

സംസ്ഥാനത്തെ തിയറ്ററുകളിൽ ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രങ്ങളുണ്ടാക്കിയ നഷ്ടം 51കോടിയിലധികം രൂപയെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. റിലീസ് ചെയ്ത 17ചിത്രങ്ങളിൽ പതിനൊന്നും തിയറ്ററുകളിൽ നഷ്ടമുണ്ടാക്കിയെന്ന കണക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടു. 

producers-list

1,60,86,700രൂപ ചെലവിൽ നിർമിച്ച ലവ് ഡേൽ എന്ന ചിത്രം തിയറ്ററുകളിൽ നേടിയത് പതിനായിരം രൂപ മാത്രം. അഞ്ചുകോടി മുടക്കിയ പൈങ്കിളി തിയറ്ററിൽ നിന്ന് കൊത്തിക്കോണ്ടു വന്നത് രണ്ടരക്കോടി മാത്രം.. 5,48,33,552 രൂപ ചെലവായ നാരായണീന്റെ മൂന്നാണ്മക്കൾക്ക് പോക്കറ്റിലാക്കാനായത് 33,58,147 രൂപ മാത്രം. പതിനേഴ് സിനിമകളിൽ  സംസ്ഥാന പുരസ്കാരം നേടിയ തടവിന് തിയറ്ററുകളിൽനിന്ന് എന്ത് കിട്ടിയെന്നതിന്റെ കണക്ക് കിട്ടിയില്ലെന്നും സംഘടന പറയുന്നു. 

കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയടക്കം അഞ്ച് ചിത്രങ്ങൾ പ്രദർശനം തുടരുന്നതിനാൽ അവയുടെ കണക്ക് പൂർണമല്ല. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും സർക്കാർ വിനോദ നികുതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ജൂൺ ഒന്നുമുതൽ സിനിമാസമരം പ്രഖ്യാപിച്ചിട്ടുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓരോ മാസവും തിയറ്ററുകളിലെ നഷ്ടക്കണക്ക് പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു. 

ഇതിന്റെ ഭാഗമായാണ് ഫെബ്രുവരിയിലെ കണക്ക് പുറത്തുവിട്ടത്. ഒടിടി - സാറ്റലൈറ്റ് അവകാശങ്ങളുടെ വിൽപനയെല്ലാം മുൻപൊരിക്കലും ഇല്ലാത്തവിധം നഷ്ടത്തിലാണെന്നിരിക്കെ തിയറ്ററുകളിൽനിന്നും വരുമാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യവസായമെന്ന് കണ്ട് സിനിമയ്ക്ക് സർക്കാർ ആശ്വാസമാകണമെന്ന്  നിർമാതാക്കൾ ആവശ്യപ്പെടുന്നത്.

ENGLISH SUMMARY:

Producers once again face losses in Malayalam cinema