നിരാഹാര സമരത്തിന് തൊട്ടുമുന്‍പ് വിഷയം നിയമസഭയിലെത്തിയപ്പോഴും ആശാ, അങ്കണവാടി ജീവനക്കാരോട് അസഹിഷ്ണുത തുടര്‍ന്ന് സര്‍ക്കാര്‍. സമരം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി.രാജീവ് ആവര്‍ത്തിച്ചു. സമരത്തെ തള്ളുന്ന സി.പി.എം മുതലാളി വര്‍ഗ പാര്‍ട്ടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ തിരിച്ചടിച്ചു. ആശാമാരുടെ പ്രശ്നം ഉന്നയിച്ചപ്പോള്‍ ഭരണപക്ഷം ബഹളം വെയ്ക്കുകയും ചര്‍ച്ചക്ക് അനുമതി നിഷേധിക്കുകയും ചെയ്തതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
മൂന്ന് സ്ത്രീകള്‍ നിരാഹരത്തിന് തയാറെടുക്കുന്നതിന് തൊട്ടുമുന്‍പാണ് നജീബ് കാന്തപുരം വിഷയം ഉന്നയിച്ചത്. അങ്കണവാടി ജീവനക്കാരുടെ സമരത്തിലൂടെ ആശാ പ്രവര്‍ത്തകരുടെ വിഷയവും ചര്‍ച്ചയാക്കുകയായിരുന്നു പ്രതിപക്ഷലക്ഷ്യം.
എന്നാല്‍ അങ്കണവാടിക്കാരുടെ പ്രശ്നമെല്ലാം പരിഹരിക്കാന്‍ തീരുമാനിച്ചതാണെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയുടെ അഭാവത്തില്‍ നിയമമന്ത്രി ചര്‍ച്ചയുടെ ആവശ്യം തള്ളി. ജീവനക്കാര്‍ക്ക് പ്രശ്നമില്ലെന്ന മന്ത്രിയുടെ വാദം കള്ളമെന്ന് പറഞ്ഞ നജീബ് കാന്തപുരം സന്തോഷ ദിനത്തില്‍ പോലും സര്‍ക്കാര്‍ സ്ത്രീകളെ ക്രൂശിക്കുകയാണെന്നും സമരക്കാരെ ആട്ടിപ്പായിക്കുകയാണെന്നും ആരോപിച്ചു.