AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
പത്തുമാസം ചുമന്ന് പാലൂട്ടിവളര്‍ത്തിയ അമ്മയെ വെട്ടിക്കൊല്ലുന്നു... ഒരുപായിലുറങ്ങി ഒരുമിച്ച് വളര്‍ന്ന കൂടെപ്പിറപ്പുകളെ തലയ്ക്കടിച്ച് കൊല്ലുന്നു... ഒരു ബഞ്ചിലിരുന്ന് അറിവും ആഹാരവും സ്നേഹവും പങ്കിടുന്ന കൂട്ടുകാരെ നഞ്ചക്കിന് അടിച്ചുകൊല്ലുന്നു... എന്നെങ്കിലും സ്വന്തമാകുമെന്ന പ്രതീക്ഷയില്‍ പ്രണയിക്കുന്ന കാമുകിയെ വിഷം കൊടുത്തുകൊല്ലുന്നു... ഇത് നമ്മുടെ സ്വന്തം കേരളം! പ്രതികള്‍, ലഹരി ആഹാരമാക്കിയ മലയാളത്തിന്റെ നാളത്തെ തലമുറ. കളിപ്പാട്ടം ഉണ്ടാക്കാന്‍ മുതല്‍ ഒരാളെ എങ്ങനെ കൊല്ലാമെന്നുവരെ പരിശീലനം കൊടുക്കുന്ന സമൂഹമാധ്യമങ്ങളുടെ കാലത്ത് വളരുന്നവര്‍. പണ്ട് മുതിര്‍ന്നവര്‍ പറയുന്നത് അനുസരിച്ചും പാടത്തും പറമ്പിലും ഓടി നടന്ന് മാങ്ങ എറിഞ്ഞും മണ്ണില്‍ വളര്‍ന്നുവന്ന തലമുറയുടെ കാലമല്ലിത്. നാലുചുവരുകള്‍ക്കുള്ളില്‍ ചങ്ങാതിയായ സ്മാര്‍ട്ട് ഫോണുമായി ഇരുന്ന് ലോകത്തെ നോക്കിക്കാണാന്‍ സാമര്‍ത്ഥ്യമുള്ളവര്‍. അവരെ ഉപദേശിക്കാന്‍ ആരും വേണ്ട. എല്ലാം സ്മാര്‍ട്ട്ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റ് പറഞ്ഞുതരും. വേഗത്തിന്‍റെ കാലമാണ്. പക്ഷേ നല്ലതിനേക്കാളേറെ ചീത്തക്കാര്യങ്ങള്‍ പഠിപ്പിക്കുന്ന ഒന്നായി മാറുകയാണ് പല ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും. ‘ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന വരി ‘ഇനി വരുന്ന തലമുറയാല്‍ ഇവിടെ വാസം സാധ്യമോ’ എന്ന് തിരുത്തേണ്ട കാലമായിരിക്കുന്നു.
AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
പ്രതീക്ഷയറ്റുപോകുന്ന കുടുംബങ്ങള്‍: യുവതലമുറയുടെ ലഹരി ഉപയോഗം നശിപ്പിക്കുന്നത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വലിയ പ്രതീക്ഷകളാണ്. ഒരു തുണ്ടുകയറിലും റെയില്‍വേ പാളങ്ങളിലും അവസാനിക്കുന്ന ജീവിതങ്ങളില്‍ ഏറെയും ലഹരിയുടെ അടിമകളാണെന്ന വസ്തുത ഉള്ളുപൊള്ളിക്കേണ്ടതാണ്. പക്ഷേ സ്വന്തം വീട്ടില്‍ സംഭവിക്കുംവരെ അങ്ങനെ തോന്നാറുണ്ടോ? വഴിവിട്ട കൂട്ടുകെട്ടുകള്‍, രക്ഷകര്‍ത്താക്കളുടെ നിയന്ത്രണമില്ലായ്മ, ആവശ്യത്തിലേറെ പണം, ഉത്തരവാദിത്വമില്ലായ്മ എന്നിവയൊക്കെ കുട്ടികളെ പലതരം ദുശ്ശീലങ്ങളിലേക്ക് നയിക്കുമെന്ന് കുടുംബാംഗങ്ങള്‍ ഓര്‍ക്കണം. പ്രായത്തിന്റേതായ മാനസിക സമ്മര്‍ദ്ദങ്ങളെ തരണം ചെയ്യാന്‍ യുവാക്കളില്‍ പലരും ലഹരി മാര്‍ഗമായി സ്വീകരിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുമ്പോള്‍ പ്രത്യേകിച്ചും. കുട്ടികള്‍ക്ക് മനസിലുള്ള കാര്യങ്ങള്‍ എന്തായാലും, തുറന്നുപറയാനുള്ള അവസരം വീടുകളില്‍ ഉണ്ടായില്ലെങ്കില്‍ അവര്‍ മറ്റുവഴികള്‍ തേടും.
ന്യൂജെന്‍ സിനിമകള്‍ വില്ലന്മാരോ?: മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും പോപ്പുലറായ വിനോദോപാധിയാണ് സിനിമ. ഒരു നൂറ്റാണ്ടോളമായി സിനിമ സമൂഹത്തെയും സമൂഹം സിനിമയെയും വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. റിയലിസ്റ്റിക് സിനിമകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. എത്രത്തോളം റിയലിസ്റ്റിക് ആയി കാര്യങ്ങള്‍ അവതരിപ്പിക്കുന്നോ അത്രത്തോളം പ്രേക്ഷകര്‍ ഒപ്പമെത്തുന്ന അവസ്ഥ. സിനിമകളിലെ സാഹചര്യങ്ങളുമായും കഥാപാത്രങ്ങളുമായും രംഗങ്ങളുമായും സ്വയം താരതമ്യം ചെയ്യുന്നതും താദാത്മ്യപ്പെടുന്നതും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പക്ഷേ കഥയും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കും വിധം ഫിലിംമേക്കര്‍മാരും സാങ്കേതികവിദ്യയും വളര്‍ന്നുകഴിഞ്ഞ കാലത്ത് ഈ സ്വാധീനം എന്നത്തെക്കാളും അധികമാണ്. അതുകൊണ്ടുതന്നെ സിനിമയില്‍ അവതരിപ്പിക്കുന്ന കുറ്റകൃത്യങ്ങളും അവ അവതരിപ്പിക്കപ്പെടുന്ന രീതിയും അക്രമത്തിന് നല്‍കുന്ന പ്രചാരണവുമെല്ലാം കുറ്റകൃത്യങ്ങളെ നോര്‍മലൈസ് ചെയ്യുകയും സാഹചര്യം അനുവദിച്ചാല്‍ അതിലേക്ക് വഴുതിപ്പോകാന്‍ കുട്ടികളെയും യുവാക്കളെയും പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് നിരീക്ഷിച്ചാല്‍ തെറ്റുപറയാനാവില്ല. സമീപകാല അനുഭവങ്ങള്‍ സാക്ഷി! നന്മയും സ്നേഹവും കാരുണ്യവും ഹാസ്യവുമൊന്നും അക്രമങ്ങളെക്കാള്‍ കൂടുതല്‍ വിഷയമാകുന്നില്ല എന്ന ദുര്യോഗം കൂടി ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ സ്വയം നിയന്ത്രണത്തിനപ്പുറമുള്ള ഇടപെടലുകള്‍ പല സിനിമകളുടെയും കാര്യത്തില്‍ ആവശ്യമുണ്ടെന്ന് പറയേണ്ടിവരും.
AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
സോഷ്യല്‍ മീഡിയ: ഇന്നത്തെ തലമുറയ്ക്ക് നല്ലതും ചീത്തയും പറഞ്ഞുകൊടുക്കുന്നത് വീട്ടിലെ മുതിര്‍ന്നവരല്ല, സമൂഹമാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ പഠിപ്പിക്കാനും ചെയ്യിക്കാനും സാധിക്കുന്ന പ്ലാറ്റ്ഫോമുകളാണിവ. എന്നാല്‍ കുറ്റകൃത്യങ്ങളിലേക്ക് വഴികാട്ടിക്കൊടുക്കുന്ന, അതിനുള്ള രീതികള്‍ പോലും പഠിപ്പിച്ചുകൊടുക്കുന്ന ഒരുപാട് പേജുകളും ചാനലുകളും യൂട്യൂബും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വരെയുള്ള പ്ലാറ്റ്ഫോമുകളിലുണ്ട്. ഗൂഗിളിന്‍റെയും മെറ്റയുടെയും സമൂഹ മാര്‍ഗരേഖ അപ്പാടെ ലംഘിക്കുന്ന കണ്ടന്റുകളാണെങ്കിലും അവയെല്ലാം ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും അക്സസ് ചെയ്യാവുന്ന വിധത്തില്‍ ലഭ്യമാണ്. ഈ വിഡിയോകള്‍ കാണുന്നവരുടെ പ്രായം നോക്കിയാല്‍ യുവാക്കളുടെ എണ്ണം വളരെക്കൂടുതലാണെന്ന് കാണാം. കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ വിദ്യാര്‍ഥികള്‍ നഞ്ചക്ക് ഉപയോഗിക്കാന്‍ പരിശീലിച്ചത് യുട്യൂബ് നോക്കിയാണെന്ന വിവരം ഇതിന്‍റെ ഒരു ഉദാഹരണം മാത്രം.
ഇത്രയേറെ ‘ഫ്രീഡം’ ആവശ്യമോ?: സാങ്കേതികവിദ്യയുടെ വളര്‍ച്ച ഇത്രയേറെ വേഗത്തിലായി ഒരു ഘട്ടം മുന്‍പുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം അറിവുകളില്‍ തലമുറകള്‍ തമ്മിലുള്ള അന്തരവും വളരെ വലുതാണ്. ‘എന്നേക്കാള്‍ കൂടുതല്‍ ഫോണിന്‍റെ പരിപാടികള്‍ നാലുവയസുള്ള എന്‍റെ കുട്ടിക്കറിയാം’ എന്നൊക്കെ അഭിമാനം കൊള്ളുന്നവര്‍ ചിന്തിക്കേണ്ട ഒന്നാമത്തെ കാര്യം ആ അറിവുകള്‍ കുഞ്ഞുങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ്. അവര്‍ വാശിപിടിക്കുമ്പോള്‍ അതിന്‍റെ അര്‍ഥം മനസിലാക്കാനും നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കാനും അച്ഛനും അമ്മയ്ക്കും കഴിയുന്നുണ്ടോ എന്നും ആലോചിക്കണം. പരിധിവിട്ട സ്വാതന്ത്ര്യം മക്കള്‍ക്ക് നല്‍കുകയും അവരുടെ പോക്ക് നിരീക്ഷിക്കാതിരിക്കുകയും ചെയ്യുന്നത് ആത്മഹത്യാപരമാണ്. അമ്മയുടെ ആയുഷ്കാലസമ്പാദ്യം മുഴുവന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്ത പത്തുവയസുകാരന്‍റെ കഥ കേട്ടിട്ട് ആഴ്ചകളേ ആയിട്ടുള്ളു.
AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
കുട്ടികള്‍ അമിതമായി വാശികാണിച്ചാലും അസ്വാഭാവികമായി പെരുമാറിയാലുമെല്ലാം അതിന്‍റെ കാരണം കണ്ടെത്താനും അവരെ നേര്‍വഴിക്ക് തിരിച്ചുകൊണ്ടുവരാനും കഴിയുന്ന ശാസ്ത്രീയ ഇടപെടലുകളും വിദഗ്ധരുടെ സഹായവും മുന്‍പെന്നത്തേക്കാളും ലഭ്യമായ കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ ഫോണ്‍ അഡിക്ഷന്‍ മുതല്‍ ലഹരി അഡിക്ഷനും അതിന്‍റെ തുടര്‍ച്ചയായ കുറ്റകൃത്യവാസനയുമെല്ലാം തിരിച്ചറിയുന്ന നിമിഷം അവര്‍ക്ക് ഏറ്റവും മികച്ച ചികില്‍സയും പിന്തുണയും ഉറപ്പാക്കുക. അതുവഴി സമൂഹത്തില്‍ അവര്‍ ഉണ്ടാക്കാനിടയുള്ള വലിയ വിപത്തുകള്‍ തടയുക. ഇത്രയെങ്കിലും നമുക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ ഭാവി തലമുറയാല്‍ ഇവിടെ വാസം സാധ്യമാകും.
AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം