deepika-parenting

ഓരോ സ്ത്രീയും അമ്മയായതിന് ശേഷം ശാരീരിക വെല്ലുവിളികള്‍ നേരിടുന്നത് പോലെ തന്നെ മാനസിക വെല്ലുവിളികളും നേരിടുന്നുണ്ട്. അതില്‍ പ്രധാനമാണ് അമ്മയ്ക്കുണ്ടാകുന്ന കുറ്റബോധം. എത്ര നല്ല രീതിയില്‍ കുട്ടിയെ വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശരിയല്ല കൂടുതല്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് മനസ് പറഞ്ഞ് കൊണ്ട‌േയിരിക്കും.

ഇത്തരത്തിലുള്ള കുറ്റബോധം വരാന്‍ പല കാരണങ്ങളുമുണ്ട്. കുട്ടികളോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്ന തോന്നല്‍  അതില്‍ പ്രധാനമാണ്. ജോലിചെയ്യുന്ന അമ്മയായാലും അല്ലെങ്കിൽ ദൈനംദിന ഉത്തരവാദിത്തങ്ങളിൽ തിരക്കുള്ളയാളായാലും കുട്ടിക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന തോന്നല്‍ വരാന്‍ എളുപ്പമാണ്. തനിക്കായി സമയം ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്ന അമ്മമാര്‍ക്കും ഇത്തരം കുറ്റബോധം ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഏതൊരു വ്യക്തിക്കും സ്വയം മാറ്റി വയ്ക്കുന്ന സമയം അത്യാവശ്യവുമാണ്. 

ക്ഷമ നഷ്ടപ്പെടുകയും, നിരാശരാവുകയും ചെയ്യുന്നതും അമ്മമാരില്‍ ഭയം ഉണ്ടാക്കുന്നുണ്ട്. മറ്റുള്ള അമ്മരാരെ പേലെ തനിക്ക് ചെയ്യാന്‍ കഴിയുന്നില്ല എന്ന ചിന്തയും ഇതിന് കാരണമാകുന്നു. കരിയറും കുടുംബവും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയുമോ എന്ന ചിന്ത ഇതില്‍ പ്രധാനമാണ്. ഓരോ അമ്മയ്ക്കും അവരുടേതായ യാത്രയുണ്ട്. ഒരു കുടുംബത്തിന് അനുയോജ്യമായത് മറ്റൊരു കുടുംബത്തിന് ഫലപ്രദമായി പ്രവർത്തിക്കണമെന്നില്ല. താരതമ്യം ചെയ്യുന്നതിനുപകരം കുട്ടിക്കും സാഹചര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ കാര്യം.

ഈ സാഹചര്യത്തില്‍  മകള്‍ ഉണ്ടായതിന് ശേഷം കടന്നുപോയ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ദീപിക പദ്കോണ്‍. അമ്മയായതിന് ശേഷമുള്ള ജീവിതവും, അത് തന്റെ ജോലിയോടുള്ള സമീപനത്തെ എങ്ങിനെ മാറ്റി മറിച്ചു എന്നും ദീപിക പറഞ്ഞു. മാതൃത്വം എന്നത് അദ്ഭുതകരമായ ഒന്നാണ്. മകള്‍ ഉണ്ടായശേഷം ഞാൻ തിരഞ്ഞെടുക്കുന്ന സിനിമകളെയും വേഷങ്ങളെയും ബോധപൂർവ്വമ‌ോ അല്ലാതെയോ അത് സ്വാധീനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ദീപിക  പറഞ്ഞു.

മകളെയും അവളുടെ ജീവിതവും കൈകാര്യം ചെയ്യാനും ഒപ്പം കുറ്റബോധമില്ലാതെ തിരികെ ജോലിയില്‍ പ്രവേശിക്കാനും കഴിയണം. അത് ഞാന്‍ ഇപ്പോഴും മനസിലാക്കികൊണ്ടിരിക്കുകയാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.