സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ പാര്‍ട്ടി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് കനത്ത നിയന്ത്രണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അസിസ്റ്റന്‍റ് സെക്രട്ടറിമാരും ഒഴികെയുള്ളവര്‍ പാര്‍ട്ടി വാഹനങ്ങള്‍ തിരുവനന്തപുരം ജില്ലക്ക് പുറത്തു പോകാന്‍ ഉപയോഗിക്കരുതെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിര്‍ദേശം. ചെലവ് ചുരുക്കലിന്‍റെ ഭാഗമാണെന്നാണ് പാര്‍ട്ടി വിശദീകരണം.
പുതിയ എം.എന്‍.സ്മാരകം വന്നതിന് ശേഷം പലതരത്തിലുള്ള പരിഷ്കാരങ്ങള്‍ സംസ്ഥാന സെക്രട്ടറി കൊണ്ടുവന്നിരുന്നു. അതില്‍ ആദ്യത്തേത് ചെരുപ്പിട്ട് എം.എന്‍ സ്മാരകത്തില്‍ കയറരുത് എന്നായിരുന്നു. പാര്‍ട്ടി ആസ്ഥാനത്തെ വാഹനങ്ങളുടെ യാത്ര നിയന്ത്രിച്ചു കൊണ്ടാണ് അടുത്ത തീരുമാനം ബിനോയ് വിശ്വം നടപ്പാക്കുന്നത്. എം.എന്‍ സ്മാരകത്തിലെ മൂന്ന് വാഹനങ്ങളും തിരുവനന്തുരം ജില്ല വിട്ട് പുറത്തുപോകരുതെന്നാണ് നിര്‍ദേശം.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കോ കോട്ടയത്തേക്കോ പാര്‍ട്ടി പരിപാടിക്ക് പോകണമെങ്കില്‍ ട്രെയിനിലോ ബസിലോ പോകണം. എന്നാല്‍ സംസ്ഥാന സെക്രട്ടറിക്കോ അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്കോ ഇത് ബാധകമല്ല. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണമെന്നാണ് പാര്‍ട്ടി നേതൃത്വം അനൗദ്യോഗികമായി പറയുന്നത് . എന്നാല്‍ സമീപ ജില്ലകളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ എം.എന്‍ സ്മാരകത്തിലെ വാഹനം ഉപയോഗിക്കുന്നത് തടയിടുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. ഏതു ജില്ലയിലാണോ നേതാക്കള്‍ പോകുന്നത്, ആവശ്യമെങ്കില്‍ ആ ജില്ലയില്‍ ചെന്ന് അവിടുത്തെ പാര്‍ട്ടി വാഹനങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ മറ്റ് ജില്ലാ കമ്മിറ്റികള്‍ ഒന്നും വാഹനങ്ങള്‍ ജില്ലയ്ക്ക് പുറത്ത് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.