യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ഭരിച്ചിരുന്ന കിടങ്ങൂർ പഞ്ചായത്ത് പിടിച്ചെടുത്ത് എല്‍ഡിഎഫ്. അതൃപ്തനായിരുന്ന ബിജെപി അംഗത്തിന്റെ തന്നെ പിന്തുണയിലാണ് ഇടതുപക്ഷം ഭരണം പിടിച്ചെടുത്തത്. ഇടതുപക്ഷത്തിന് 7 അംഗങ്ങളും യുഡിഎഫ് - ബിജെപി സഖ്യത്തിന് എട്ടംഗങ്ങളുമായിരുന്നു പഞ്ചായത്തിലുണ്ടായിരുന്നത്. കിടങ്ങൂർ പഞ്ചായത്തിലെ യുഡിഎഫ് ബിജെപി കൂട്ടുകെട്ടിന് മറുപടി കൊടുക്കാൻ ഇടതുപക്ഷം തേടിയതും അതേ ബിജെപിയുടെ പിന്തുണയാണ്.
പതിഞ്ചംഗ പഞ്ചായത്തിൽ അഞ്ചു ബിജെപി അംഗങ്ങളും 3 കേരള കോൺഗ്രസ് ജോസഫ് അംഗങ്ങളും ഉൾപ്പെടെ എട്ടുപേർ ചേർന്നായിരുന്നു ഭരണം നടത്തിയിരുന്നത്. എൽഡിഎഫിന് 7 അംഗങ്ങളുള്ള പഞ്ചായത്തിൽ ഒരു ബിജെപി അംഗം കൂടി വന്നതോടെ അവിശ്വാസ പ്രമേയം പാസായി.
പഞ്ചായത്ത് ഭരിച്ചിരുന്നവരുമായി യുഡിഎഫിനും ബിജെപിക്കും ബന്ധമില്ലെന്നും സഖ്യം ഉണ്ടായപ്പോൾ തന്നെ അംഗങ്ങളെ പുറത്താക്കിയതാണെന്നും ഇരു പാർട്ടി നേതൃത്വങ്ങളും അറിയിച്ചു. എങ്കിലും ഭരണസഖ്യത്തിന് ഇരു പാർട്ടി നേതൃത്വങ്ങളുടെയും പിന്തുണയുണ്ടായിരുന്നെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം