രോഗികള്‍ക്കും വീട്ടില്‍ ഒറ്റപ്പെട്ടു പോയ കുറേ മനുഷ്യര്‍ക്കും ശബ്‌ദമെത്തിക്കുന്ന ഒരാളുണ്ട് വയനാട്ടില്‍. തോണിച്ചാല്‍ സ്വദേശി ബഷീര്‍. രോഗികളെ കണ്ടുപിടിച്ച് അവര്‍ക്ക് സൗജന്യമായി റേഡിയോ നല്‍കുകയാണ് ബഷീര്‍. ഇതുവരെ 447 വീടുകളില്‍ ബഷീറിന്‍റെ ശബ്‌ദമെത്തിയിട്ടുണ്ട്.
നാലു ചുമരുകൾക്കുള്ളില്‍ ഒതുങ്ങി പോയ കുറേ മനുഷ്യരുടെ ശബ്‌ദമാണ് റോഡിയോ. ഇക്കാര്യം അനുഭവത്തില്‍ നിന്നു മനസിലാക്കി അതിനായി രാപകലില്ലാതെ അധ്വാനിക്കുന്ന ഒരു മനുഷ്യനാണ് ബഷീര്‍.
ഒന്നിനു പിറകെ ഒന്നായി രോഗങ്ങള്‍ പിടിമുറുക്കിയ ബഷീര്‍ വര്‍ഷങ്ങളോളം വീട്ടില്‍ തന്നെയായിരുന്നു. ആ ദിവസങ്ങളില്‍ തനിക്ക് ആശ്വാസമായത് റേഡിയോയുടെ ശബ്‌ദമായിരുന്നു. വേദന മറക്കാന്‍ സഹായിച്ചു. രോഗം മാറി പുറത്തിറങ്ങയപ്പോ ബഷീര്‍ ഒരു തീരുമാനമെടുത്തു.
രോഗികള്‍ക്കും പ്രായം വന്ന് വീട്ടില്‍ ഒറ്റപ്പെട്ടവര്‍ക്കും വൃദ്ധസദനങ്ങളിലുമൊക്കെ റേഡിയോ എത്തിക്കുക. ജില്ലയിലെവിടെയാണെങ്കിലും ആവശ്യക്കാരായ മനുഷ്യരെ കണ്ടെത്തും. അവരെ തേടി പോയി റോഡിയോ കൈമാറും.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബഷീറിനു ജോലിക്കു പോകാന്‍ ബുദ്ധിമുട്ടാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വീട്ടുപടിക്കല്‍ കൃഷി ചെയ്‌തു കിട്ടുന്ന പണം ഉപയോഗിച്ചാണ് ആദ്യം റേഡിയോ വാങ്ങി രോഗികള്‍ക്ക് നല്‍കിയത്. നല്ലമനസുള്ള കുറേ മനുഷ്യരുടെ സഹായത്തോടെ ഇന്ന് 447 വീടുകളില്‍ ബഷീറിന്‍റെ റേഡിയോ ശബ്‌ദിക്കുന്നുണ്ട്.കഴിയാവുന്നയത്ര ആളുകള്‍ക്ക് റേഡിയോ എത്തിക്കണമെന്നാണ് ബഷീറിന്‍റെ ആഗ്രഹം.