ആലപ്പുഴയുടെ പാലപ്പെരുമയ്ക്ക് തിളക്കമേറ്റുകയാണ് പടഹാരം പാലം. കുട്ടനാടിന്‍റെ വിനോദ സഞ്ചാര സാധ്യതകളും പരിഗണിച്ചാണ് പമ്പയാറിന് കുറുകെ പടഹാരം പാലം നിർമിച്ചത്. മുകളിൽ റോഡും സ്പാനുകൾക്ക് താഴെ നടപ്പാതയുമുള്ള കേരളത്തിലെ ആദ്യത്തെ പാത്ത് വേ പാലമാണ് പടഹാരത്ത് നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങിയത്.
കുട്ടനാടിന്‍റെ ഭൂപ്രകൃതിക്കൊപ്പം മനോഹരമാണ് പടഹാരം പാലവും. തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്ക് കുറുകെ നിർമ്മിച്ച പടഹാരം പാലം ഉദ്ഘാടനത്തിനൊരുങ്ങി.
കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും അമ്പലപ്പുഴ- തിരുവല്ല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കരുവാറ്റ-കുപ്പപ്പുറം റോഡിലെ പടഹാരം പാലം. 453 മീറ്ററാണ് പാലത്തിന്‍റെ നീളം കേരളീയ വാസ്‌തുവിദ്യയിൽ ഒരുക്കിയ എട്ട് വാച്ച് ടവറുകളും പാലത്തിലുണ്ട്. വാച്ച് ടവറുകളിൽ നിന്നുകൊണ്ട് കുട്ടനാടൻ പാടശേഖരങ്ങളും പമ്പാനദിയുടെ കൈവഴിയായ പൂകൈതയാറിന്റെ ഭംഗിയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരം കിട്ടും.