അമ്മയാവുകയെന്ന സ്വപ്നത്തിന് വിള്ളല്‍വീഴ്ത്തി എത്തിയ ഗര്‍ഭാശയ അര്‍ബുദത്തെ ആത്മവിശ്വാസത്തോടെയാണ് കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ വിഷ്ണുപ്രിയ നേരിട്ടത്. പ്രതിസന്ധികള്‍ക്കൊടുവില്‍ ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്‍റെ സന്തോഷത്തിലാണ് വിഷ്ണുപ്രിയയും ഭര്‍ത്താവ് വിപിനും. വന്ധ്യത ചികിത്സയ്ക്കിടെയാണ് വിഷ്ണുപ്രിയയെ ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചത്.
കുഞ്ഞുഭാനുവിന്‍റെ ചിരിയിലും കുസൃതിയിലുമുണ്ട് വിഷ്ണുപ്രിയയുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ കഥ. ഈ നിറഞ്ഞ ചിരി പോലെ തന്നെ അതിജീവിക്കാവുന്നതേയുള്ളൂ അര്‍ബുദമെന്ന് കാണിച്ചുതരികയാണ് വിഷ്ണുപ്രിയ. 12 വര്‍ഷം മുമ്പായിരുന്നു വിഷ്ണുപ്രിയയുടെ വിവാഹം. കല്യാണം കഴിഞ്ഞ് നാലുവര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാവാത്തതിനെ തുടര്‍ന്നാണ് വന്ധ്യത ചികിത്സയ്ക്കായി ഡോക്ടറെ കണ്ടത്. ഇതിനിടെയാണ് 2016 ല്‍ ഗര്‍ഭാശയത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് മുഴ കണ്ടെത്തിയത്. തിരുവനന്തപുരം ആര്‍സിസിയിലായിരുന്നു ചികിത്സ. ഇതിനിടെയാണ് അണ്ഡാശയങ്ങളിലൊന്നില്‍ നിറവ്യത്യാസം വന്നത്. ഉടന്‍ അണ്ഡാശയം നീക്കം ചെയ്യേണ്ടിവന്നു. ഇതോടെ ഗര്‍ഭം ധരിക്കുന്നത് അപകടമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ധൈര്യത്തോടെ നേരിട്ടു.
ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുമ്പോഴാണ് അമ്മ ഉഷാകുമാരി നല്‍കിയ പിന്തുണയില്‍ നിന്ന് ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങി. മ്യൂറല്‍ പെയിന്‍റിങും പരിശീലിച്ചു. സാരികളില്‍ മ്യൂറല്‍ ഡിസൈനുകള്‍ വരച്ച് അര്‍ബുദം നല്‍കിയ ഓര്‍മകളെ മറികടന്നു. കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമായതോടെ ഗര്‍ഭാശയം നീക്കം ചെയ്തു. കുടുംബം നല്‍കിയ പിന്തുണയിലാണ് എല്ലാം തീര്‍ന്നെന്ന് കരുതിയ ഈ ജീവിതം വിഷ്ണുപ്രിയ തിരിച്ചുപിടിച്ചത്.