പാമ്പ് പിടുത്തക്കാരനായി നടന്‍ ടൊവിനോ തോമസ്. വനംവകുപ്പിന്‍റെ സര്‍പ്പ ആപ്പ് പ്രചാരണത്തിനായി ഇറക്കിയ വീഡിയോയിലാണ് ഡ്യൂപ്പില്ലാതെ നടന്‍റെ സാഹസികത. വനം ദിനത്തോടനുബന്ധിച്ച് വനം ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ടൊവിനോ തന്നെ വീഡിയോ പുറത്തുവിട്ടു.
അഭിനയമല്ല... ഡ്യൂപ്പുമല്ല... ജീവനുള്ള പാമ്പിനെ കൂളായാണ് ടൊവീനോ തോമസ് ചാക്കിലാക്കിയത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് സുരക്ഷിതമായി പാമ്പുകളെ പിടികൂടി നീക്കം ചെയ്യുന്ന വനം വകുപ്പിന്‍റെ സര്‍പ്പ ആപ്പിന്‍റെ പ്രചാരണ വീഡിയോയിലാണ് സുരക്ഷ ഉപകരണങ്ങളോട് കൂടി ടൊവീനോയുടെ സാഹസം.
വനം വകുപ്പിന്‍റെ വനംദിനാഘോഷ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത ടൊവീനോ വീഡിയോ റിലീസ് ചെയ്തു. തന്‍റെ സമൂഹ മാധ്യമ പേജിലും പങ്കുവച്ചു. വനംവകുപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറെന്ന നിലയിലാണ് ടൊവിനോയുടെ പാമ്പ് പിടുത്ത പരിശീലനം. വകുപ്പിന്‍റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ടൊവിനോ ഇനി സംസ്ഥാനത്തെ കാടുകള്‍ സന്ദര്‍ശിക്കും.