നോമ്പ് നോറ്റ് വ്രതശുദ്ധിയുമായി കഴിയുന്ന വിശ്വാസികൾക്ക് സൗജന്യമായി അത്താഴമൊരുക്കുന്ന ഒരിടമുണ്ട് കണ്ണൂരിൽ. മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ പ്രവർത്തനം തുടരുന്ന സിറ്റിയിലെ അത്താഴ കമ്മിറ്റി. നിരവധി പേരാണ് ദിനവും ഇവിടെയെത്തുന്നത്.
പ്രാർഥനയുടെയും വ്രതശുദ്ധിയുടെയും പകലുകൾ. പള്ളിയിലെ നോമ്പുതുറക്ക് ശേഷം കണ്ണൂർ സിറ്റിയിലെ അത്താഴ കമ്മിറ്റിയിൽ ആളുകൾ നിറയും. ബിരിയാണി അടക്കം കൊതിയൂറുന്ന നിരവധി വിഭവങ്ങൾ . 1990 ലാണ് സൗജന്യമായി അത്താഴ കമ്മിറ്റി പ്രവർത്തനം തുടങ്ങിയത്. 4 പേർ ചേർന്ന് ആരംഭിച്ച കൂട്ടായ്മ മൂന്നര പതിറ്റാണ്ടായി മുടങ്ങാതെ തുടരുന്നു.
പിരിവെടുത്തും പലരുടെയും സംഭാവനയും ചേർത്താണ് തുക കണ്ടെത്തുന്നത്. വിദേശത്ത് നിന്നടക്കം സഹായം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റമസാൻ നാളുകളിൽ കണ്ണൂർ സിറ്റിയിലേക്ക് ആളുകളെത്തും. പുണ്യമാസത്തിൽ ത്യാഗത്തിന്റെയും ഒത്തൊരുമയുടെയും കൂട്ടായ്മ കൂടിയാണ് കണ്ണൂർ സിറ്റിയിലെ അത്താഴ കമ്മിറ്റി.