ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി വിപുല ക്യാംപെയ്ന് ഒരുങ്ങി സര്‍ക്കാര്‍. അടുത്തമാസം മുതല്‍ തുടങ്ങുന്ന കാംപയിന്‍റെ രൂപരേഖ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതി തയാറാക്കും. പൊലീസിന്‍റെയും എക്സൈസിന്‍റെയും നേതൃത്വത്തിലെ പരിശോധന കര്‍ശമാക്കുന്നതിനൊപ്പം വിവിധ വകുപ്പുകളും പ്രതിരോധ നടപടികള്‍ തുടങ്ങാനാണ് തീരുമാനം.
ലഹരിയെ നേരിടേണ്ടത് രണ്ട് വഴികളിലൂടെയെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ യോഗത്തിന്‍റെ തീരുമാനം. ഒന്ന് നിലവില്‍ തുടരുന്ന പരിശോധന കൂടുതല്‍ കര്‍ശനമാക്കി. രണ്ടാമത്തേത് നാടൊന്നടങ്കം പങ്കെടുക്കുന്ന കാംപയിനിലൂടെ. പതിവ് ബോധവത്കരണത്തിനപ്പുറം കാംപയിനില്‍ എന്തെല്ലാം ചെയ്യാമെന്ന് ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ സമിതി തീരുമാനിക്കും. 30ന് വിദ്യാര്‍ഥി–യുവജന സംഘടനകളും സിനിമാ–സാംസ്കാരിക–അധ്യാപക–രക്ഷകര്‍ത്താ സംഘടനകളുമായുള്ള യോഗത്തില്‍ ആ പദ്ധതി മുഖ്യമന്ത്രി അവതരിപ്പിക്കും.
ഏപ്രില്‍ ആദ്യം മുതല്‍ കാംപയിന് തുടങ്ങും. അതോടൊപ്പം ലഹരിമാഫിയയെ തടയാന്‍ വിവിധ വകുപ്പുകളുടെ ആക്ഷനും വേണം. അതിന് ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങളും തീരുമാനിച്ചു. പൊലീസും എക്സൈസും സംയുക്തമായി പരിശോധന കൂടുതല്‍ കര്‍ശനമാക്കണം. ലഹരി മരുന്ന് കണ്ടെത്താന്‍ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുകയും പരിശീലനം ലഭിച്ച നായകളെ രംഗത്തിറക്കുകയും വേണം.വിമാനത്താവളം–റയില്‍വേ സ്റ്റേഷന്‍–തുറമുഖം എന്നിവിടങ്ങളിലേക്കും കൊറിയര്‍–പാഴ്സല്‍–ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന വസ്തുക്കളിലേക്കും പരിശോധന നീളണം. ലഹരിവില്‍ക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി പൂട്ടുകയാണ് തദേശവകുപ്പിന്‍റെ ചുമതല.
എല്‍.പി ക്ളാസ് മുതല്‍ ബോദവത്കരണം തുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പും ഹോസ്റ്റലുകളിലും കോളജുകളിലും ലഹരിയില്ലെന്ന് ഉറപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസവകുപ്പും പദ്ധതി തയാറക്കണം. അവധിക്കാലത്തടക്കം കുട്ടികളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ പരിപാടികള്‍ തയാറാക്കാന്‍ കായിക വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.