മലയാളിയുടെ ചിരിയിടങ്ങളില്‍ ശുദ്ധഹാസ്യം കൊണ്ട് കൊത്തിവച്ച പേരാണ് ഇന്നസെന്റ്. തമാശക്കാരുടെ ചക്രവര്‍ത്തി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷമായെങ്കിലും ഇന്നച്ചന്‍ തീര്‍ത്ത ചിരിമേളപ്പെരുക്കം മരിക്കുന്നില്ലല്ലോ. ലാങ്ഗ്വേജ് തൊട്ടിങ്ങോട്ട് കാര്‍ന്ന് തിന്ന കാന്‍സറിനോട് വരെ ഇന്നച്ചന്‍ കൂളായി ചോദിച്ച ചോദ്യമാണ് എന്താ നിങ്ങള്‍ടെ പ്രോബ്ളം.... ഇന്നച്ചന്‍ തമാശിച്ചപ്പോളൊക്കെ നമ്മള്‍ ചിരിച്ചു..നിലം തൊടാതെ...അഭങ്കുരം പൊഴിഞ്ഞുകൊണ്ടിരുന്ന ആ തമാശകള്‍ക്ക് പിന്നില്‍ ഇന്നച്ചന്‍ കൊണ്ട് നടന്ന വേദനകള്‍ പോലും അദ്ദേഹം പങ്ക് വച്ചത് ചിരിക്കാന്‍ പാകത്തിനായിരുന്നു. ചാന്‍സ് ചോദിച്ച് നടന്ന നാളുകളില്‍ കേട്ട ചീത്തയും ആട്ടിയകറ്റലും തമാശയുടെ പുറം ചട്ടയിട്ടാണ് സുഹൃത്ത് കൂട്ടായ്മയില്‍ ഇന്നസെന്റ് അവതരിപ്പിച്ചത്. പട്ടിണിയുടെ വറുതിയുടെ നാളുകളിലെ നുറുങ്ങുനിമിഷങ്ങളിലെ തമാശകള്‍.
ഒരിക്കല്‍ കൊട്ടാരക്കരയുടെ വീട്ടില്‍ ചാന്‍സ് ചോദിച്ച് ചെന്നു ഇന്നച്ചന്‍. അത്തരക്കാരെ വീട്ടില്‍ കേറ്റാത്ത കാലമാണ്. ഗേറ്റിലെത്തി ഇന്നച്ചന്‍ ഗൗരവത്തോടെ പാറാവുകാരനോട് പറഞ്ഞു മിസ്റ്റര്‍ കൊട്ടാരക്കരയെ ഒന്ന് കാണണം. എന്താണ് പറയാനുള്ളത് എന്ന് വെച്ചാല്‍ തന്നോട് പറയാന്‍ അയാള്‍ ആവശ്യപ്പെട്ടപ്പോള്‍ താങ്കളോടല്ല, മിസ്റ്റര്‍ കൊട്ടാരക്കരയോടാണ് പറയാനുള്ളത് എന്ന് ഒന്നുകൂടി തറപ്പിച്ച് പറഞ്ഞു. അകത്ത് നിന്ന് വന്ന കൊട്ടാരക്കരയുടെ സഹായിയോടും ഇന്നസെന്റ് ഗൗരവം വിടാതെ ആവശ്യം ആവര്‍ത്തിച്ചു. സംഗതി എന്തോ സീരിയസാണ് എന്ന് വിചാരിച്ച് ഒടുക്കം കൊട്ടാരക്കര തന്നെ പുറത്ത് വന്നുവത്രേ. എന്നിട്ടും ഗൗരവം വിടാതെ ഇന്നസെന്റ് പറഞ്ഞുകൊണ്ടേയിരുന്നു. ഇവിടെ പുറത്ത് നിന്ന് പറയാനാവില്ല. അപ്പോള്‍ വരാന്തയിലേക്ക് കയറ്റി. ഇവിടെ നിന്നും പറയാന്‍ പറ്റില്ല അത്രക്ക് സീരിയസാണ്, അപ്പോള്‍ അകത്തേക്ക് കയറ്റി. അകത്തെത്തിയ ഇന്നച്ചന്‍ വിനയാനിതനായി പറഞ്ഞു. അങ്ങയുടെ അടുത്ത പടത്തില്‍ ഡയലോഗ് ഉളള ഒരു സീന്‍ എനിക്ക് തരണം. മുഖമടച്ച് ഒരാട്ടാണത്രേ പിന്നെ കിട്ടിയത്. ഇങ്ങനെ എത്രയെത്ര അനുഭവങ്ങളിലൂടെ ഊതിക്കാച്ചിയെടുത്ത നിറകുടമാണ് നമ്മേവിട്ട് പോയത്.
അലങ്കരിച്ച പദവികളൊന്നും ഇന്നച്ചനെ ഭ്രമിപ്പിച്ചിട്ടില്ല. സിനിമാക്കാര്‍ക്കിടയില്‍ പൊതുവില്‍ പറയുമായിരുന്നു കോടമ്പക്കാം കള്‍ച്ചറെന്ന സിനിമയുടെ കുതന്ത്രങ്ങളൊന്നും പയറ്റാനറിയാത്ത സിനിമാക്കാരനായിരുന്നു ഇന്നസെന്റ് എന്നാണ്. കാന്‍സറിന്റെ വേദനയിലും ചിരി അദ്ദേഹത്തെ വിട്ട് പോവാതിരുന്നത് തോല്‍വിയിലും തോല്‍ക്കാത്ത മനസാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാവണം. ഒപ്പം പഠിച്ചിരുന്നവരൊക്കെ ക്ളാസ് ജയിച്ച് പോവുമ്പഴും തോല്‍ക്കാതെ തളരാതെ അവരോട് ബൈ പറഞ്ഞ് വിടുമായിരുന്ന ഇന്നച്ചനെ തോല്‍പ്പിക്കാനാവില്ലെന്ന് കാന്‍സര്‍ മനസിലാക്കി. മരിച്ചിട്ടും മരിക്കാതെ ഇന്നും ഇന്നച്ചന്‍ തിരക്കിലാണ്,സ്കൂള്‍ കാലത്ത് കുട്ടികള്‍പഠനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ചൂളമരത്തിന്റെ താഴെ നിന്ന് നാളത്തെ പഠിപ്പ് മുടക്കിന് സമരം വേണോ അതോ മാഷെ മുടക്കണോ എന്ന് ചിന്തിച്ചിരുന്ന് അതേ തിരക്ക്, 10 രൂപയ്ക്ക് കുന്തം പിടിച്ച് നില്‍ക്കുന്ന സീനിന് കോടമ്പാക്കത്ത് മല്‍സരിച്ച അതേ തിരക്ക്, രാഷ്ട്രീയമടക്കം പയറ്റി എംപിയുടെ കുപ്പായത്തില്‍ ഒാടിനടന്ന അതേ തിരക്ക്.. അതേ സ്വര്‍ഗത്തിലും ഇന്നച്ചന്‍ ഉഷാറാണ്. നഷ്ടപ്പെട്ടത് നമുക്കാണ്.