kuzhalnadan-aa-rahim

ഹൈക്കോടതിയിൽ നിന്നും ഇന്ന് മാത്യു കുഴൽനാടനും കോൺഗ്രസ്സിനും ലഭിച്ചത് കനത്ത പ്രഹരമാണെന്ന് എഎ റഹിം എംപി. എക്‌സാ ലോജിക്കുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിജിലൻസ് അന്വഷണം നടത്താനുള്ള മെറിറ്റ് ഇല്ലെന്ന് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇടതുപക്ഷത്തെയും തകർക്കാൻ സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

കോൺഗ്രസ്സ് ,ബി ജെ പി, ഒരു വിഭാഗം മാധ്യമങ്ങൾ എന്നിവർ ഈ അക്രമണത്തിന് നേതൃത്വം നൽകുന്നു. സർക്കാരിന്റെയും പാർട്ടിയുടെയും മുഖമായ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിന്റെ പിന്നിലുള്ള നികൃഷ്ട രാഷ്ട്രീയം ഇതാണ്.

കഴിഞ്ഞ കുറെ മാസമായി മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ഇവർ നടത്തിയത് അങ്ങേയറ്റം നിന്ദ്യമായ വ്യക്തിഹത്യയാണ്.

എത്രയെത്ര കള്ളക്കഥകൾ, എത്രയെത്ര രാത്രി ചർച്ചകൾ...... ഒരല്പം ഉളിപ്പ് ബാക്കിയുണ്ടെങ്കിൽ വേട്ടയാടിയവർ വീണയോട് മാപ്പ് പറയണം.

മാധ്യമങ്ങളും വലതു രാഷ്ട്രീയവും ഒരുമിച്ചു ചേർന്നു ഈ അവിശുദ്ധ രാഷ്ട്രീയ നീക്കം നടത്താൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. സഖാവ് പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളാൽ ആക്രമിക്കപ്പെടുന്നത് ഇതെത്ര തവണയാണ്? ഏതെങ്കിലും ആരോപണം ഒരിക്കലെങ്കിലും തെളിയിക്കാൻ സാധിച്ചിട്ടില്ല. വെറുതെ ആരോപണം ഉന്നയിക്കുന്നു, വ്യക്തിപരമായി വേട്ടയാടുന്നു.!!

നിർത്താൻ ആവശ്യപ്പെടുന്നില്ല. പറയാൻ രാഷ്ട്രീയം ഇല്ലാതെ വരുമ്പോൾ കുടുംബത്തെ ആക്രമിക്കുന്ന നിന്ദ്യമായ വഴി ഇനിയും നിങ്ങൾ തുടരും എന്നറിയാം. അത് നിങ്ങളുടെ ചീഞ്ഞളിഞ്ഞ വലതുപക്ഷ രാഷ്ട്രീയ സംസ്കാരമാണ്. ഒരു കാര്യം മാത്രം ഓർക്കുക, ഇതൊന്നും കൊണ്ട് തകർന്നു പോകുന്ന ഒന്നല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അതിന്റെ വേര് ജനഹൃദയങ്ങളിലാണ്.– എഎ റഹിം വ്യക്തമാക്കി. 

ENGLISH SUMMARY:

A A Rahim fb post about Mathew Kuzhalnadan