വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരായ ദുരാരോപണങ്ങളുടെ മുനയൊടിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏതൊരു ഹർജി നൽകുന്നതും തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം എന്ന കാര്യം അഭിഭാഷകനായ മാത്യു കുഴൽനാടന് അറിയാതിരിക്കില്ല. എന്നിട്ടും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഹർജി നൽകാൻ മാത്യു കുഴൽനാടൻ തയ്യാറാകുകയായിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
എല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തം. പൊതുപ്രവർത്തകൻ കൂടിയായ മാത്യു കുഴൽനാടൻ എംഎൽഎ അല്പമെങ്കിലും ധാർമികത കാണിക്കേണ്ടതായിരുന്നു. സ്ത്രീകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും അത് നിരന്തരം വാർത്ത ആക്കാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ഹീനമായ കാര്യമാണ്. ഇത്തരം വ്യാജ ആരോപണങ്ങൾ സ്വന്തം കുടുംബത്തിനെതിരെ ഉയർന്നുവന്നാൽ മാത്യു കുഴൽനാടന്റെ നിലപാട് എന്താകും?.
ആർക്കെതിരെ എന്ത് ആരോപണങ്ങളും ഉന്നയിക്കാം എന്ന നിലപാടിനേറ്റ തിരിച്ചടി കൂടിയാണ് ഹൈക്കോടതിവിധി. ഹൈക്കോടതി വിധി എതിരായ സാഹചര്യത്തിൽ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയാൻ മാത്യു കുഴൽനാടൻ തയ്യാറാകണം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പി കെ ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത് ഇക്കാര്യത്തിൽ മാത്യു കുഴൽനാടനും മാതൃകയാക്കാവുന്നതാണ്.