ലോക്സഭയിൽ ഒരു കാരണവുമില്ലാതെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സ്പീക്കർ വ്യക്തിപരമായി അവഹേളിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം സംബന്ധിച്ച് പരാമർശം നടത്താൻ വേണ്ടി മാത്രം സഭക്കകത്തു കയറിവന്ന് വിമർശനം നടത്തിയതിനുശേഷം മറുപടി പറയാനുള്ള അവസരം പോലും നൽകാതെ സഭ പിരിച്ചുവിട്ട് ഇറങ്ങിപ്പോയ ലോക്സഭാ സ്പീക്കർ ഓം ബിർള ജനാധിപത്യത്തെ അപഹസിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്ത് കാരണം കൊണ്ടാണ് സ്പീക്കർ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ അധിക്ഷേപിച്ചതെന്ന് ആർക്കും മനസ്സിലായിരുന്നില്ല. ബിജെപി ഐടി സെൽ മേധാവി അമിത മാളവ്യ പുറത്തുവിട്ട വീഡിയോ ആണ് സ്പീക്കറുടെ പ്രകോപനത്തിന് എന്താണ് കാരണം എന്ന് ബോധ്യപ്പെടുത്തിയത്. സഭയ്ക്കകത്തേക്ക് കയറിവരുന്ന രാഹുൽ ഗാന്ധി അവിടെ ഇരിക്കുന്ന സഹോദരി പ്രിയങ്കാ ഗാന്ധിയുടെ കവിളത്ത് സ്നേഹത്തോടെ സ്പർശിക്കുന്ന ഒരു രംഗമാണ് ബിജെപി പുറത്തുവിട്ടത്. എന്താണ് അതിൽ തെറ്റുള്ളത് എന്ന് മനസ്സിലാകുന്നില്ല.
പാർലമെൻറ് എന്ന് പറയുന്നത് കേവലം ഒരു കോൺക്രീറ്റ് നിർമ്മിതി മാത്രമാണോ ? ഭരണഘടന കേവലം വകുപ്പുകളും ചട്ടങ്ങളും ഒക്കെ രേഖപ്പെടുത്തിയ ഒരു പുസ്തകം മാത്രമാണോ ? ആത്യന്തികമായി മാനുഷിക വികാരങ്ങൾക്ക് ഈ രാജ്യത്ത് ഒരു വിലയുമില്ലേ? ഒരു സഹോദരന് സഹോദരിയോട് പാർലമെൻറിനകത്ത് സ്നേഹത്തോടെ പെരുമാറാൻ പാടില്ലേ? അത് തടയുന്ന എന്ത് നിയമമാണ് ഈ രാജ്യത്തുള്ളത് ? ഇനി അങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ തന്നെ അത് ശരിയാണോ ? മാനുഷിക വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്ത മനുഷ്യർ എങ്ങനെയാണ് ഈ രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവർക്ക് വേണ്ടി നിയമനിർമ്മാണം നടത്താൻ പോകുന്നത് ?
നിങ്ങൾക്ക് രാഹുൽ ഗാന്ധിയെ എതിർക്കാം , കളിയാക്കാം, ആക്ഷേപിക്കാം. പക്ഷേ അതിനപ്പുറം നിങ്ങൾ ആ ദൃശ്യം ഒന്ന് കണ്ടു നോക്കൂ.. എത്ര ഹൃദയസ്പർശിയാണ്. ഒരു സഹോദരൻ സഹോദരിയുടെ കവിളത്ത് സ്നേഹത്തോടെ തലോടുന്ന ദൃശ്യം. അത് മനസ്സിലാകണമെങ്കിൽ മനുഷ്യനാകണം. അമിത്ഷാ ആയിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.