ഉരുളെടുത്ത മുണ്ടക്കൈയുടേയും ചൂരൽ മലയുടേയും പുനസൃഷ്ടിക്ക് തറക്കല്ലിട്ട് സർക്കാർ. കൽപറ്റ ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നൂറുകണക്കിന് ദുരന്തബാധിതരെ സാക്ഷി നിർത്തിയായിരുന്നു കല്ലിടൽ. ദുരിത ബാധിതർക്ക് കൊടുത്ത എല്ലാ വാഗ്ദാനവും എന്തു വില കൊടുത്തും നടപ്പാക്കിയിരിക്കുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻ നിരയിൽ ചിരിക്കുന്ന മുഖത്തോടെ അവ്യക്തും അമ്മയും. ആന്തരികാവയവങ്ങൾ വരെ ചെളിനിറഞ്ഞ് മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന അവ്യക്ത് സ്വന്തമായി വീടൊരുങ്ങുന്ന സന്തോഷത്തിലാണ്. നഷ്ടപ്പെട്ടതിന്റെ നിരാശയല്ല, തിരിച്ചു പിടിക്കുന്നതിൻ്റ തിളക്കമായിരുന്നു ഓരോ മുഖത്തും. ഒത്തുകൂടിയ നൂറുകണക്കിന് ദുരന്ത ബാധിതരെ സാക്ഷി നിർത്തി മുഖ്യമന്ത്രി ടൗൺഷിപ്പിന് ആദ്യ ശിലയിട്ടു.
വളരെ പ്രതീക്ഷയോടെ സമീപിച്ചിട്ടും കേന്ദ്രം സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസാധാരണ ദേശീയദുരന്തമായി പരിഗണിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ചു. ഇനി കേന്ദ്രം സഹായിക്കും എന്ന പ്രതീക്ഷയില്ലെന്നും മുഖ്യമന്ത്രി. കർണാടക മുഖ്യമന്ത്രി 20 കോടി രൂപ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
പുനർനിർമ്മാണത്തിലെ ലോകമാതൃകയ്ക്കാണ് തുടക്കമിടുന്നതെന്നും ഒരു ദുരന്തബാധിതനും ഒറ്റപ്പെടില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ജനങ്ങളെ ഒരുമിച്ച് നിർത്താനാണ് ടൗൺഷിപ്പ് ആശയം നടപ്പാക്കുന്നത്. കോടതി വ്യവഹാരങ്ങളിൽപ്പെട്ടതിനാലാണ് വീട് നിർമ്മാണം വൈകിയതെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ആവർത്തിച്ചു പ്രതിപക്ഷ നേതാവ്. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനായിരുന്നു. വിവിധ വകുപ്പ് മന്ത്രിമാർ വയനാട് എം.പി പ്രിയങ്കഗാന്ധി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
മൂന്നു ഘട്ടങ്ങളിലായി 402 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ വീടൊരുങ്ങുക. ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1,000 ചതുരശ്ര അടിയിലാണ് വീടു നിർമിക്കുന്നത്. അംഗൻവാടി, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയവയും ടൗൺഷിപ്പിലുണ്ടാകും. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് ടൗൺ ഷിപ്പിന്റെ നിർമാണ ചുമതല. ഡിസംബറോടെ വീടുകളുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.