നിലമ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി ആരാകുമെന്ന ചർച്ച പുരോഗമിക്കുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ പേരും ഡി.സി.സി പ്രസിഡന്‍റ് വി.എസ്.ജോയിയുടെ പേരുമാണ് സജീവ പരിഗണനയിൽ. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയേയും പരിഗണിച്ചേക്കാമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു.
പതിറ്റാണ്ടുകളോളം നിലമ്പൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ആര്യാടൻ മുഹമ്മദിന്റെ മകൻ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ആര്യാടൻ ഷൗക്കത്തിന്റെ പേരും ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ പേരും തുല്യ പരിഗണനയിലാണ്. ഹൈക്കമാൻഡ് ആരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാലും നിലമ്പൂരിൽ ആ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
പി വി അൻവർ എൽ.ഡി.എഫ് വിട്ടതിന്റെ പേരിൽ ഇനി നിലമ്പൂരിൽ സ്വതന്ത്രസ്ഥാനാർഥികളെ മൽസരിപ്പിക്കുന്നതിൽ നിന്ന് സിപിഎം പിന്നോട്ടു പോകില്ലെന്ന് ജില്ല സെക്രട്ടറി വി.പി. അനിൽ പറഞ്ഞു. സിപിഎം ജയിപ്പിച്ച സ്വതന്ത്ര എംഎൽഎമാർ മുൻപും എൽഡിഎഫ് വിട്ടുപോയ സാഹചര്യം മലപ്പുറം ജില്ലയിലുണ്ട്.