ci-police-mohanlal

ഒരിക്കലെങ്കിലും ഇഷ്ടതാരത്തെ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികളിൽ ഏറെയും. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ എമ്പുരാനുള്ള കാത്തിരിപ്പും എമ്പുരാൻ തീയറ്ററുകളിൽ എത്തിയതിനു ഷമുള്ള ഫാൻസിന്റെ ആഘോഷവുമൊക്കെ നമ്മൾ കണ്ടതാണ്. പക്ഷേ ഔദ്യോഗിക കൃത്യനിർവഹണം എന്ന മട്ടിൽ സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥൻ താരത്തിന് സ്വീകരണം ഒരുക്കിയാൽ എങ്ങനെ ഉണ്ടാകും? അച്ചടക്കം പാലിച്ചില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നാണ് പൊലീസിൻ്റെ നിലപാട്.

മോഹൻലാൽ ശബരിമലയിലെത്തിയതും മമ്മൂട്ടിക്കായി അർച്ചന നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. താരം ശബരിമലയിലെത്തുന്ന വീഡിയോ സൈബർ ഇടങ്ങളിൽ വൈറലുമായി. പക്ഷേ തിരുവല്ലക്കാർ ശ്രദ്ധിച്ചത് ഒരല്പം വ്യത്യസ്തമായാണ്, 'ബ്ലാക്കും വൈറ്റും കലർന്ന ടീഷർട്ട് ഒക്കെ ഇട്ട് ഐഡി കാർഡും കഴുത്തിൽ തൂക്കി മോഹൻലാലിന് സുരക്ഷ ഒരുക്കി നീങ്ങുന്നത് ഞങ്ങളുടെ സിഐ അല്ലേ?'. സാമൂഹിക മാധ്യമങ്ങളിൽ സിഐ തന്നെ ലാലേട്ടന്റെ തകർപ്പൻ സിനിമകളിലെ ബിജിഎം കൂടി ചേർത്ത് വീഡിയോ പങ്കു വച്ചപ്പോൾ അതുറപ്പായി. സേനയിലും ചർച്ചയായി. വിമർശനങ്ങൾ ഉയർന്നു. എസ്പിയുടെ നിർദ്ദേശപ്രകാശം ഡിവൈഎസ്പി സിഐക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

അതേസമയം കടുത്ത മോഹൻലാൽ ആരാധകനാണ് സുനിൽ കൃഷ്ണനെന്നാണ് സേനയ്ക്കുള്ളിലെ സംസാരം. സമീപ സ്റ്റേഷൻ പരിധികളിൽ പോലും മോഹൻലാൽ എത്തിയാൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ അനുവാദം കൂടാതെ തിരുവല്ല സിഐ സുനിൽ കൃഷ്ണൻ അവിടേക്കെത്തുന്നത് പതിവായിരുന്നു. ചെങ്ങന്നൂരിൽ നടന്ന കുടുംബശ്രീ സരസ് മേളയിൽ മുഖ്യാതിഥിയായി എത്തിയ മോഹൻലാലിനെ വേദിയിൽ ആനയിക്കാൻ കാണിച്ച ഉത്സാഹവും വിമർശിക്കപ്പെട്ടു. താരത്തിൻറെ സ്വീകരണം ഔദ്യോഗിക കൃത്യനിർവഹണമെന്ന പോലെ ഏറ്റെടുക്കുന്നതിൽ പലതവണ താക്കീതും ലഭിച്ചിരുന്നു.

സിഐക്കെതിരെ നടപടി എന്ന വാർത്ത വന്നതിന് പിന്നാലെ 'ചെകുത്താൻ' എന്ന യൂട്യൂബർ അജു അലക്സിനെ കുറിച്ചാണ് സൈബറിടത്തിലെ സംസാരം. ''ചെകുത്താന്' പണി കൊടുക്കുന്നവർക്കൊക്കെ പണി കിട്ടുന്നുണ്ടത്രേ!' മോഹൻലാലിനെതിരെ അപകീർത്തകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അജു അലക്സിനെ അറസ്റ്റ് ചെയ്തത്. അജു അലക്സ് തിരുവല്ല പൊലീസ് സ്റ്റേഷനിലെ സെല്ലിൽ നിൽക്കുന്ന ചിത്രം ഉൾപ്പെടെ പുറത്തുവന്നിരുന്നു. അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ പരാതിയിലായിരുന്നു കേസ്. മോഹൻലാൽ വിളിച്ചു വിഷമം പറഞ്ഞെന്നായിരുന്നു തിരുവല്ല സിഐയുടെ പ്രതികരണം. മോഹൻലാൽ വിളിച്ചതിലെ സന്തോഷം മറച്ചുവെക്കാനും സിഐ മറന്നില്ല. ഇതിനിടെ അജു അലക്സ് ജാമ്യത്തിൽ ഇറങ്ങി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നതും അമ്മയിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നതും ഈ സമയത്താണ്. സിദ്ദിഖ് രാജിവച്ചു. മോഹൻലാലും സ്ഥാനമൊഴിഞ്ഞു. ഇതോക്കെ 'ചെകുത്താന്റെ' ശാപമെന്നായിരുന്നു സൈബറിടത്തിലെ സംസാരം. ബാലയ്ക്കെതിരെ മുൻ ഭാര്യ എലിസബത്ത് പ്രതികരിച്ചപ്പോഴും 'ചെകുത്താൻ' കയ്യടി നേടി. ഒടുവിൽ സിഐ സുനിൽ കൃഷ്ണനെതിര നടപടി വരുമ്പോഴും 'ചെകുത്താന്റെ' ശാപമാണെന്നാണ് കമൻറ് ബോക്സിൽ നിറയുന്നത്. 

ENGLISH SUMMARY:

Mohanlal's visit to Sabarimala, Action against CI