Image: Facebook

Image: Facebook

മോഹന്‍ലാല്‍–പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ താന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്‍റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ തന്‍റെ ധാരണകളുടെ അടിസ്ഥാനത്തില്‍ ചിത്രം കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നും ഇത്തരത്തിലുള്ള ചലച്ചിത്ര നിര്‍മാണത്തില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

രാജീവ് ചന്ദ്രശേഖറിന്‍റെ കുറിപ്പിങ്ങനെ: 'ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? - അതെ. 

I had watched Lucifer and had liked it. I had said that I would watch the movie Empuraan when I heard it was a sequel to Lucifer. But now I have come to know that the makers of the movie themselves have made 17 amendments in the movie and that the movie is undergoing re-censorship. I understand that there were topics in the movie that disturbed Mohanlal fans and other viewers. A movie should be watched as a movie. it can't be seen as history. Also, any movie that tries to build a story by distorting the truth is doomed to fail. So, will I watch this sequel to Lucifer? No. Am I disappointed by this type of moviemaking? - Yes.'

ചിത്രത്തിനെതിരെ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പതിനേഴിലധികം ഭാഗങ്ങള്‍ സ്വമേധയാ ഒഴിവാക്കുകയാണെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. എഡിറ്റഡ് പതിപ്പ് വൈകാതെ തിയറ്ററുകളില്‍ എത്തും. സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്. ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരെ ബിജെപി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം. തപസ്യ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേർ സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ട്. ഇവർക്ക് വീഴ്ച പറ്റിയെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ സൂചിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്തുണ സൗഹൃദം മാത്രമാണെന്നും സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എമ്പുരാന്‍ സിനിമ പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയാണ് എന്ന് ആര്‍എസ്എസ് മുഖപത്രവും വിമര്‍ശനം ഉന്നയിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എം.ടി.രമേശ് പറഞ്ഞതാണ് പാർട്ടി നയമെന്നും സിനിമ എല്ലാവരും കാണണമെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍റെ പ്രതികരണം. മോഹന്‍‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത് ആരാധകരോടുള്ള വഞ്ചനയാണെന്നും 'ഓര്‍ഗനൈസര്‍' ആരോപിച്ചിരുന്നു. 

അതിനിടെ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി കലക്ഷന്‍ നേടിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മലയാള ചിത്രവും എമ്പുരാനായി മാറി. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയെടുത്ത ചിത്രം കൂടിയാണ്.

ENGLISH SUMMARY:

BJP State President Rajeev Chandrasekhar announced on Facebook that he will not watch Empuraan, stating that he is uncomfortable with films that distort the 'truth.'