മനോരമ ന്യൂസ് വാർത്ത തുണച്ചതോടുകൂടി സുഷമയ്ക്ക് മൂന്നര ലക്ഷം രൂപയുടെ ധനസഹായം. ജീവിതത്തിൽ തനിച്ചായ തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി സുഷമയ്ക്ക് ആണ് ധനസഹായം ലഭിച്ചത്. അച്ഛനമ്മമാർ നഷ്ടപ്പെട്ട സുഷമയെ തനിച്ചാക്കി അമ്മൂമ്മയും വിട പറഞ്ഞപ്പോൾ ജീവിത്തിൽ ബാക്കി വന്നത് ജപ്തിയുടെ വക്കിലെത്തിയ വീടു മാത്രം. മനോരമ ന്യൂസ് വാർത്തയെത്തുടർന്ന് കിടപ്പാടത്തിൻറെ കടം തീർക്കാൻ സഹായഹസ്തങ്ങൾ നീണ്ടു.
വീടുപണി പൂർത്തിയാക്കാനായി അമ്മൂമ്മ സഹകരണ ബാങ്കിൽ നിന്നെടുത്ത ഒന്നര ലക്ഷം രൂപ പലിശയും പിഴപലിശയുമടക്കം അഞ്ചു ലക്ഷത്തോളം രൂപയായി വളർന്നപ്പോൾ അമ്മൂമ്മ കൂടെയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു സുഷമയ്ക്ക്. ആ താങ്ങും കൈവിട്ടപ്പോൾ പകച്ച് ജീവിതം വഴിമുട്ടിയ ആ പെൺകുട്ടിയ്ക്ക് മുതൽ മാത്രം അടച്ചാൽ മതിയെന്ന സൌകര്യം ബാങ്ക് ചെയ്തുകൊടുത്തു. മനോരമ ന്യൂസ് വാർത്ത കണ്ട് ആ പണവും അതിനപ്പുറവുമായി സഹായമെത്തി. അവളുടെ മുഖത്ത് ഇപ്പോൾ കാണുന്ന ഈ സന്തോഷത്തിന് നമ്മളിൽ പലരും കാരണക്കാർ ആണ്. പഠിച്ച് നല്ലൊരു ജോലി വാങ്ങണമെന്നാണ് ഇപ്പോഴത്തെ സുഷമയുടെ ആഗ്രഹം