ഗൂഡല്ലൂരിലേക്കുള്ള വിനോദയാത്രക്കിടെ കാട്ടുതേനീച്ചയുടെ കുത്തേറ്റ മലയാളി യുവാവ് മരിച്ചു. വടകര സ്വദേശി സാബിറാ(25)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആസിഫി(26)നെ ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റന്‍ പാറക്കെട്ടിനടുത്ത് നിന്ന് ഫൊട്ടോയെടുക്കുന്നതിനിടെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.
മലമുകളിലെ കാട്ടുതേനീച്ചക്കൂട്ടില്‍ പരുന്ത് വന്നിടിച്ചതോടെ തേനീച്ചക്കൂടിളകിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സാബിറിനെ തേനീച്ചക്കൂട്ടം പൊതിഞ്ഞതോടെ ഒപ്പമുണ്ടായിരുന്നവര്‍ നിസഹായരായി ഓടി മാറി. കുത്തേറ്റ് സാബിര്‍ നിലത്തുവീണു. ഗൂഡല്ലൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീപ്പന്തം കത്തിച്ച് തേനീച്ചക്കൂട്ടത്തെ മാറ്റിയാണ് സാബിറിനെയും പരുക്കേറ്റ ആസിഫിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. സാബിറിന്‍റെ ശരീരമാസകലം തേനീച്ച പൊതിഞ്ഞ നിലയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദേശത്തായിരുന്ന സാബിര്‍ നാട്ടിലെത്തിയത്.