നൂറോളം കടലാമക്കുഞ്ഞുങ്ങളെ പരിപാലിച്ച് അവസാനം കടലിലേയ്ക്ക് യാത്രയാക്കി തൃശൂരിലെ ഒരു കൂട്ടം ചെറുപ്പക്കാർ . ഈഅപൂർവ്വ കാഴ്ച്ച കാണാൻ കടലോരത്തെത്തിയത് കൊച്ചു കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിന് പേർ.
പിരിയുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ തൃശൂർ പെരിഞ്ഞനം ആറാട്ട്കടവ് ബീച്ചിൽ കൊച്ചുകുട്ടികളടക്കം നൂറോളം പേർ എത്തിയപ്പോൾ ജന്തുസ്നേഹത്തിൻറെ നേർക്കാഴ്ചയായി അതു മാറി. ഒന്നര മാസം മുമ്പാണ് കടലോരത്ത് ഒരു സംഘം മത്സ്യത്തൊഴിലാളി യുവാക്കൾ കുറെ ആമകളെ കണ്ടത്. കടൽഭിത്തിക്കു സമീപം മുട്ടയിടാനാണ് ഇവ എത്തുന്നതെന്ന് മനസ്സിലാക്കിയ അവർ ഈ ആമകളെ ശ്രദ്ധിക്കാൻ തുടങ്ങി. ആമകൾ വരുന്നതും പിന്നെ മുട്ട വിരിഞ്ഞ് കടലാമക്കുഞ്ഞുങ്ങൾ തനിയെ കടലിലേയ്ക്ക് പോകുന്നതും ഇവർ കണ്ടു. എല്ലാ മുട്ടകളും വിരിയുമെന്നതിന് ഒരുറപ്പുമില്ലായിരുന്നു. ഇവ കടലിൽ ഒലിച്ചുപോകാനോ തെരുവുനായകൾ മാന്തിയെടുത്ത് നശിപ്പിക്കാനോ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ യുവാക്കൾ അവയ്ക്ക് സംരക്ഷണമൊരുക്കാൻ തീരുമാനിച്ചു. ഇതിനായി കരയിൽ കുഴികളെടുത്ത് മുട്ടകൾ അവയ്ക്കുള്ളിലാക്കി മൂടി ഇവർ രാവും പകലും കാവലിരുന്നു. അവസാനം ഇരുന്നൂറോളം മുട്ടകളിൽ നൂറെണ്ണമാണ് വിരിഞ്ഞത്.
വളരെ സൂക്ഷിച്ച് അവയെ കൈയിലെടുത്ത് കുട്ടികൾ കടലിലേയ്ക്ക് വിടുന്നത് ഏവരും കണ്ണിമ വെട്ടാതെ നോക്കിനിന്നു. പിന്നീട് എല്ലാ കുഞ്ഞുങ്ങളെയും ഒന്നിച്ച് കടലിലൊഴുക്കി. ആഴക്കടലിൽ മാത്രം കഴിയുന്ന കടലാമകൾ മുട്ടയിടാൻ മാത്രമാണ് കരയിലെത്തുക. മുട്ടയിട്ടു കഴിഞ്ഞാൽ കടലിലേക്ക് ഇവ തിരികെ പോവുകയും ചെയ്യും. തള്ളയാമയുടെ യാതൊരു പരിചരണമോ സംരക്ഷണമോ ഇല്ലാതെയാണ് മുട്ടകൾ വിരിയുകയും കുഞ്ഞുങ്ങൾ വളരുകയും ചെയ്യുക