കൊച്ചി വൈറ്റില ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റുകൾ പൊളിച്ച് പുനർനിർമ്മിക്കാൻ 175 കോടി രൂപ മതിയാകില്ലെന്ന് ജില്ലാ കലക്ടർ. വാടകയ്ക്ക് പുറമെ 211.49 കോടി രൂപ ചെലവ് വരുമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. വാടക 23,000ത്തിൽ നിന്ന് 38,000 ആക്കണമെന്നും കലക്ടർ കോടതിയെ അറിയിച്ചു.
നിർമ്മാണപ്പിഴവിനെ തുടർന്ന് ആർമി ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി പുനർ നിർമ്മിക്കണമെന്നുള്ള ഉത്തരവിൽ ഹൈക്കോടതി വകയിരുത്തിയത് 175 കോടി രൂപയാണ്. ഫ്ലാറ്റുകൾ നിർമ്മിച്ച ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ ഇത് നൽകണമെന്നും കോടതി ഉത്തരവിൽ ഉണ്ടായിരുന്നു. കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതി നടത്തിയ പഠനത്തിൽ ഈ തുക മതിയാകില്ലെന്ന് വിലയിരുത്തി. ദൗത്യത്തിനായി വേണ്ടി വരിക 211.49 കോടി രൂപയാണ്. വാടക ഇനത്തിൽ നൽകേണ്ട തുകയ്ക്ക് പുറമെയാണിത്. ഹൈക്കോടതി ഉത്തരവിന്റെ റിവ്യൂ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കളക്ടർ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ബി, സി ടവറുകൾ പൊളിച്ചുമാറ്റുമ്പോൾ മാറി താമസിക്കേണ്ടി വരുന്നവർക്ക് നൽകേണ്ട വാടക തുകയിലും ആദ്യഘട്ടത്തിലെ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കോടതി ഉത്തരവിട്ട 23000 രൂപയിൽ നിന്ന് 38,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് സത്യവാങ്മൂലത്തിൽ ഉണ്ട്. പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്ന കമ്പനികളുടെ പരിശോധനയിൽ ടവറുകളുടെ അവസ്ഥ പരിതാപകരമാണെന്നും എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. സമീപമുള്ള എ ടവറിലും സമാന പരിശോധന വേണമെന്നും കളക്ടർ വ്യക്തമാക്കുന്നു. വാടക കൂട്ടണമെന്ന് അടക്കമുള്ള ആവശ്യങ്ങളോട് മുഖം തിരിക്കുന്ന എ ഡബ്ലിയു എച്ച് ഓ എന്ത് നിലപാട് എടുക്കുമെന്നതും കാത്തിരുന്നു കാണണം. ഫ്ലാറ്റിലെ താമസക്കാർ നൽകിയ റിവ്യൂ ഹർജി ഇന്ന് രാവിലെ പത്തുമണിക്ക് ശേഷം കോടതി പരിഗണിക്കും.