സാമൂഹിക സേവനത്തിനൊപ്പം സര്‍ക്കാറുമായി അടുത്തിടപഴകാന്‍ അവസരമൊരുക്കുന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം 10 വര്‍ഷം പിന്നിടുന്നു. ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി 28–ാമത്തെ ബാച്ച് കഴിഞ്ഞദിവസം പുറത്തിറങ്ങി. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ കോളജ് വിദ്യാര്‍ഥികളെ ഭാഗമാക്കുന്നതാണ് ജില്ലാ കളക്ടറുടെ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം.
പൊതുഭരണസംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം ഒരുക്കുന്നത് കൂടിയാണ് ഈ പദ്ധതി. ബിരുദവിദ്യാര്‍ഥികള്‍ക്കാണ് ഇന്‍റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമൊരുക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളിലും വികസനപരിപാടികളിലും ആസൂത്രണഘട്ടം മുതല്‍ തന്നെ സജീവയുവജന പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ക്രിയാത്മകമായ മുന്നേറ്റം സാധ്യമാക്കുകയാണ് ഇന്‍റേണ്‍ഷിപ്പിലൂടെ ചെയ്യുന്നത്. നാലുമാസമാണ് ഇന്‍റേണ്‍ഷിപ്പ് കാലയളവ്.
സര്‍ക്കാര്‍ പദ്ധതികളിലുണ്ടാവുന്ന പ്രശ്നങ്ങളെ അടുത്തറിയാനും പ്രശ്നപരിഹാരമൊരുക്കുന്നതിനൊപ്പം കാരുണ്യസ്പര്‍ശവും ചേര്‍ക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. രാജ്യത്തിന്‍റെ വിവിധ കോളജുകളില്‍ നിന്നുള്ള അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഭാഗമാകാനായി കോഴിക്കോട് എത്തുന്നു. നിലവില്‍ 28 ബാച്ചുകളിലായി 350 ലധികം വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഭാഗമായി. കോഴിക്കോട് നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോഴും പ്രളയകാലത്തും ഇന്‍റേണുകളുടെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു.
നിപ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കാനും കോണ്‍ടാക്ടറ്റ് ലിസ്റ്റ് കണ്ടെത്താനും ഇന്‍റേണുകളായിരുന്നു മുന്‍നിരയില്‍. സഹമിത്ര ഭിന്നശേഷി രേഖവിതരണം, പട്ടികവര്‍ഗ ജനങ്ങളുടെ അടിസ്ഥാന രേഖവിതരണം, ഉന്നതികളിലെ അടിസ്ഥാനരേഖ വിതരണം, സൗഖ്യ ജീവിത ശൈലി രോഗങ്ങള്‍ സംബന്ധിച്ച ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ഉദ്യോഗജ്യോതി തൊഴില്‍ പിന്തുണ പദ്ധതി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് ഇന്‍റേണുകള്‍ പ്രവര്‍ത്തിച്ചു. എന്‍. പ്രശാന്ത് കളക്ടറായിരുന്നപ്പോഴാണ് പദ്ധതി ആരംഭിച്ചത്. ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം വിജയകരമായതോടെ മറ്റുജില്ലാഭരണകൂടങ്ങളും പദ്ധതി ഏറ്റെടുത്തിട്ടുണ്ട്.