ചെറിയപെരുന്നാള്‍ ദിനത്തില്‍ ഈദ്ഗാഹിന് സൗകര്യം ഒരുക്കി കൊടുത്ത കോഴിക്കോട് കിണാശേരി പള്ളിയറയ്ക്കല്‍ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹികളെ കാണാന്‍ നേരിട്ടെത്തി ജെബി മേത്തർ എംപി. രാവിലെ ഏഴുമണിക്ക് ക്ഷേത്രത്തില്‍ എത്തി ദർശനം നടത്തിയാണ് ജെബി മേത്തര്‍ മടങ്ങിയത്. പെരുന്നാള്‍ ദിനത്തില്‍ രാജ്യത്തിനാകെ മതസൗഹാർദത്തിന്‍റെ മാതൃക കാണിച്ചു കൊടുത്തതില്‍ ക്ഷേത്രം ഭാരവാഹികളെ എം.പി അനുമോദിക്കുകയും ചെയ്തു. രാജ്യസഭയില്‍ പ്രസംഗത്തിനിടെ കിണാശേരി മാതൃക ജെബിമേത്തര്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
കിണാശേരി പള്ളിയറയ്ക്കല്‍ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉല്‍സവം വര്‍ഷങ്ങളായി നടക്കുന്നത് കിണാശേരി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലാണ്. ഇതിനായി മാസങ്ങള്‍ക്ക് മുന്‍പെ അമ്പലക്കമ്മിറ്റി ഗ്രൗണ്ട് വാടകക്ക് എടുക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങളായി കിണാശേരിയിലെ ഈദ്ഗാഹ് നടക്കുന്നതും ഇതേ ഗ്രൗണ്ടിലാണ്. പെരുന്നാളും ഉല്‍സവവും ഒന്നിച്ചെത്തിയതോടെ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ഈദ്ഗാഹ് മറ്റൊരിടത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അമ്പലക്കമ്മിറ്റി അംഗങ്ങളും മഹല്ല്കമ്മിറ്റിയും ചേര്‍ന്ന് ഉല്‍സവത്തിന്‍റെ കലാപരിപാടികള്‍ നടന്ന ഗ്രൗണ്ട് ഈദ്ഗാഹിനായി സജ്ജമാക്കി. ഇതോടെയാണ് ഈദ്ഗാഹും ഉല്‍സവവും ഒരേ സ്ഥലത്ത് നടന്നത്.