asma-death

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചതു കടുത്ത രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാൽ രക്തം വാർന്നാണ് മരണം. വൈകിട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒൻപതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാൻ വൈദ്യസഹായം ലഭ്യമാക്കിയില്ല. ഇതിനിടെ യുവതിക്കു ബോധം നഷ്ടമായി. ഭര്‍ത്താവിനോട് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ സിറാജുദീൻ തയ്യാറായില്ല. 

വയറ്റാട്ടിയുടെ സഹായം തേടിയിരുന്നെന്നും അവർ കുഴപ്പമില്ലെന്നു പറഞ്ഞു മടങ്ങിയതായും സിറാജുദീൻ അസ്മയുടെ ബന്ധുക്കളോടു പറഞ്ഞിരുന്നു. യുവതി മരിച്ചതോടെ ദുരൂഹസാഹചര്യത്തിൽ മൃതദേഹവുമായി ഭർത്താവ് സിറാജുദീൻ പെരുമ്പാവൂരിലേക്കു വരികയായിരുന്നു. അസ്മയെ പെരുമാനി എടത്താക്കര ജുമാമസ്ജിദിൽ കബറടക്കി. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് ആറിനാണു മൃതദേഹം അറയ്ക്കപ്പടി മോട്ടിക്കോളനിയിലെ വീട്ടിലെത്തിച്ചത്. സിറാജുദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയതിനാൽ കബറടക്കച്ചടങ്ങിൽ പങ്കെടുത്തില്ല. സിറാജുദീന്റെ ആലപ്പുഴയിലെ വീട്ടിലുള്ള അസ്മയുടെ 4 മക്കളിൽ മൂത്തയാൾ മാത്രം സംസ്കാരച്ചടങ്ങിനെത്തി.

അസ്മയുടെ മരണവിവരം സഹോദരങ്ങളെയുൾപ്പെടെ അറിയിക്കാതെ ഭർത്താവ് സിറാജുദ്ദീൻ മറച്ചുവച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരൻ ടി.കെ. മുഹമ്മദ് കുഞ്ഞ് രംഗത്തെത്തി. അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുൽപ്പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടർന്നാണു സംഘർഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു. അസ്മയുടെ മരണത്തിലെ ദുരൂഹത പരിശോധിക്കാൻ സമഗ്ര അന്വേഷണം വേണമെന്നാണു ബന്ധുക്കളുടെ ആവശ്യം. 

ENGLISH SUMMARY:

In a deeply disturbing incident from Malappuram, Kerala, 25-year-old Asma died at home following childbirth due to excessive bleeding. The postmortem report confirmed that she suffered heavy postpartum hemorrhage. Despite pleading with her husband, Sirajuddin, for medical help, she was not taken to the hospital. Asma gave birth at 6 PM and died around 9 PM after three hours of continuous bleeding. Reports allege that Sirajuddin ignored her cries and failed to act, leading to her tragic death.