എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയ്‌ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. മലപ്പുറത്ത് ഒരു മാസക്കാലം ഒരുതുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ലെന്ന് നോമ്പുകാലത്തെ ലക്ഷ്യമാക്കി കെ. സുരേന്ദ്രൻ ആരോപിച്ചു.
മലപ്പുറത്തും കോഴിക്കോട് ജില്ലയുടെ ചില ഭാഗത്തും ഒരു മാസം വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഒരു പുരോഗമന പാർട്ടിക്കാരും അതിനെപ്പറ്റി സംസാരിക്കുന്നില്ല. രാമനാട്ടുകര മുതൽ തൃശ്ശൂർ ജില്ലയുടെ അതിർത്തി പ്രദേശം വരെ ഒരു മാസം ഒരു തുള്ളി വെള്ളം ആർക്കും കിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. സ്വന്തം അനുഭവത്തിൽ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും സുരേന്ദ്രൻ വിശദീകരിക്കുന്നു.
വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർത്ഥ്യമാണ്. ലീഗ് നടത്തുന്ന ആക്രമണം അംഗീകരിക്കില്ല. വെള്ളാപ്പള്ളിക്ക് ലീഗ് നേതാക്കൾ നൽകിയ മറുപടി അപലപനീയമാണ്. കുഞ്ഞാലിക്കുട്ടിയും ഇടിയും പ്രകോപനപരമായ പ്രസ്താവനകളാണ് ഇറക്കുന്നത്. ലീഗിന് ഗുരുദേവന്റെ പേര് ഉച്ചരിക്കാൻ പോലും അവകാശമില്ല. ലീഗ് നേതാക്കൾ തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ്. പലപ്പോഴായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗ് മന്ത്രിമാർ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാട് സ്വീകരിച്ചു. ഈഴവ സമുദായം ഉൾപ്പെടെ പിന്നാക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കപ്പെടുന്നതിൽ സർക്കാർ പഠനം നടത്തണം. മലപ്പുറം ജില്ലയിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകരുത്, വാക്സിൻ എടുക്കരുത് എന്നാണ് പറയുന്നത്. നിഗൂഢ ശക്തികൾ മലപ്പുറത്ത് വൻ പ്രവർത്തനം നടത്തുന്നുണ്ട്. -സുരേന്ദ്രൻ ആരോപിക്കുന്നു
മലപ്പുറം പ്രത്യേക രാജ്യമാണെന്നും പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന. സംഭവം വിവാദമായതോടെ, താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതിനിടെയാണ് വെള്ളാപ്പള്ളിക്ക് പിന്തുണയുമായി സുരേന്ദ്രനെത്തിയത്.