മേളപ്പെരുക്കത്തിൽ കൊട്ടിക്കയറി, ചെണ്ടമേളയിൽ ഭിന്നശേഷിക്കാരുടെ അരങ്ങേറ്റം. മലപ്പുറം വണ്ടൂർ ആശ്രയ ഭിന്നശേഷി സ്കൂളിലെ വിദ്യാർഥികളാണ് ആസ്വാദകരെ കയ്യിലെടുത്ത് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്.
ഒൻപതംഗ സംഘത്തെ ചാലിയാർ ഉണ്ണിയാണ് സൗജന്യമായി ചെണ്ടമേളം അഭ്യസിപ്പിച്ചത്. ദിവസം മൂന്നു മണിക്കൂറെങ്കിലും പരിശീലനം. രണ്ടുമാസം കൊണ്ട് തന്നെ എല്ലാവരും ചെണ്ട വിദ്യ അഭ്യസിച്ചു. കൈയ്ക്ക് സ്വാധീനക്കുറവുള്ളവർ വരെ കൂട്ടത്തിലുണ്ട്. സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത തസ്നിയാണ് കൂട്ടത്തിൽ താരം.
അഞ്ചു ചെണ്ടകൾ ആവശ്യമുള്ളതിൽ മൂന്നെണ്ണം വണ്ടൂരിലെ വിവിധ സംഘടനകൾ മുൻകൈയെടുത്ത് വാങ്ങി നൽകി. ചെണ്ട ഒന്നിന് 15,000 രൂപ വില വരും. രണ്ടെണ്ണം കൂടി ആരെങ്കിലും വാങ്ങി നൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ. പരീക്ഷണാടിസ്ഥാനത്തിൽ വിദ്യാർഥികളിൽ ഒരാളെ ആദ്യം ചെണ്ട അഭ്യസിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഒരു ടീമിനെ പരിശീലിപ്പിക്കാൻ തീരുമാനിച്ചത്.
ആശ്രയോത്സവത്തിൽ അരങ്ങേറ്റം കേമമായി. ഒൻപതു പേരും വേദിയിൽ കൊട്ടിക്കയറി ശ്രോതാക്കളെ ത്രസിപ്പിച്ചു. നാട്ടിലെ പരിപാടികളിൽ പങ്കെടുത്ത് ചെണ്ടമേളത്തിൽ തൊഴിലുറപ്പിക്കാനാണ് ഇവരുടെ തീരുമാനം.