Image Credit: Instagram/https://www.instagram.com/p/DIIrcFsv9gv/
അര്‍ഹിക്കുന്ന വ്യക്തിക്ക് തന്‍റെ പക്കലുളള 500 രൂപ നല്‍കി സന്തോഷിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടി ഏറ്റുവാങ്ങുന്നത്. ശ്യാം നാരായണന്‍ എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുന്‍സറാണ് പാവപ്പെട്ട ഒരാള്‍ക്ക് 500 രൂപ നല്‍കാന്‍ ഇറങ്ങിത്തിരിച്ചത്. കൃത്യമായിട്ട് ചെന്നെത്തിയതാകട്ടെ പുസ്തകം വിറ്റ് ഉപജീവനം നടത്തുന്ന മുഹമ്മദ് മുസ്തഫ എന്നയാളുടെ മുന്നിലും. നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്ന മുസ്തഫയ്ക്ക് പണം നല്‍കിയെന്ന് മാത്രമല്ല മറ്റുളളരുടെ സഹായങ്ങള്‍ മുസ്തഫ ഇക്കയ്ക്ക് ലഭിക്കാന്‍ അദ്ദേഹത്തിന്‍റെ വിവരങ്ങള്‍ വിഡിയോയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി തന്നെ തേടിയെത്തി സൗഭാഗ്യത്തില്‍ മനംനിറഞ്ഞ് നില്‍ക്കുന്ന മുസ്തഫയെ കാണിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ദാറ്റ് ശ്യാം നാരായണന്‍ എന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് ശ്യാം വിഡിയോ പങ്കുവച്ചിരിക്കുന്നത്.
കയ്യിലൊരു 500 നോട്ടുമായി ഇറങ്ങുന്ന ശ്യാമിനെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. നേരെ ചെന്നെത്തുന്നത് 15 രൂപയുടെ സന്ധ്യാനാമങ്ങള്‍ എന്ന പുസ്തകം വില്‍ക്കുന്ന പ്രായമായ മുസ്തഫ എന്നയാളുടെ മുന്നിലും. അദ്ദേഹത്തിന്‍റെ പേരും വീട്ടിലെ കാര്യങ്ങളും ശ്യാം ചോദിച്ചറിയുന്നത് വിഡിയോയില്‍ വ്യക്തമാണ്. ഭാര്യയും മക്കളും ഒക്കെ എന്തുചെയ്യുന്നു എന്ന ശ്യാമിന്‍റെ ചോദ്യത്തിന് അതൊന്നുമില്ലെന്ന് മുസ്തഫയുടെ മറുപടി. പിന്നാലെ ഭാര്യയും മക്കളുമൊക്കെ എന്ന ചോദ്യത്തിന് അതൊന്നുമില്ലെന്ന് മറുപടി. ഭാര്യ മരണപ്പെട്ടു, കാന്‍സറായിരുന്നു. മരിച്ചിട്ട് ഒരു കൊല്ലത്തിനും മുകളിലായെന്നും മുസ്തഫ പറയുന്നുണ്ട്. മക്കളില്ലേ എന്ന് വീണ്ടും ശ്യാം ചോദിക്കുമ്പോള്‍ മക്കളില്ല..ഒരു മകനുണ്ടായിരുന്നു. നാലുകൊല്ലം മുന്‍പ് പോയിക്കളഞ്ഞു എന്നും മുസ്തഫ പറയുന്നുണ്ട്.
ഭക്ഷണം കഴിക്കാനൊക്കെ എന്തുചെയ്യും എന്നായി അടുത്ത ചോദ്യം.കടയില്‍ നിന്ന് വാങ്ങിക്കും. ദിവസവും കടയില്‍ നിന്ന് വാങ്ങി കഴിക്കാന്‍ പോയിട്ട് ഒരു നേരം നല്ല ഭക്ഷണം കഴിക്കാനുളള ഗതി അദ്ദേഹത്തിന് ഇല്ലെന്ന് മനസിലായ ഇന്‍ഫ്ലുവന്‍സര്‍ ഭക്ഷണം കഴിക്കാനുളള പൈസയോ എന്ന് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ മുസ്തഫയുടെ മറുപടി ഇങ്ങനെ..'ആരെങ്കിലും ഒക്കെ തന്നിട്ട് വേണം..അല്ലാതെ ഒരു വഴിയുമില്ല'. ഉടന്‍ തന്നെ ഇതെന്‍റ സന്തോഷത്തിന് എന്നുപറഞ്ഞുകൊണ്ട് ശ്യാം തന്‍റെ പകലുളള 500 രൂപ നല്‍കി മുസ്തഫയ്ക്ക് നല്‍കുന്നതാണ് വിഡിയോയിലുളളത്.
അയ്യോ..വല്യ പൈസയാണല്ലോ എന്നായിരുന്നു സന്തോഷവും അമ്പരപ്പും നിറഞ്ഞ ഭാവത്തില്‍ മുസ്തഫയുടെ മറുപടി. 'ഇത്രയും വലിയ സഹായം ഞാന്‍ ജനിച്ചേപിന്നെ ആദ്യമായിട്ട് കാണുകയാണ്. ഇത്രയും വലിയ സഹായം ചെയ്യുന്ന ആളെയും' മുസ്തഫ പറഞ്ഞു. നമ്മളൊക്ക മനുഷ്യന്മാരല്ലേ ചേട്ടാ എന്നു പറഞ്ഞ് ശ്യാം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. താനൊരു യൂട്യൂബറാണെന്നും പേര് ശ്യാം എന്നാണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തുമുണ്ട് ശ്യാം. ഒടുവില്‍ സന്തോഷമായില്ലേ എന്ന ശ്യാമിന്‍റെ ചോദ്യത്തിന് മുസ്തഫ ഇക്കയുടെ മറുപടി ഇങ്ങനെ..ഓ...ഇതിലും വല്യ സന്തോഷമൊന്നും ഈ ദുനിയാവിലില്ല. സന്തോഷം എന്നു പറഞ്ഞാല്‍ വലിയ സന്തോഷമാ..ഇനിയെനിക്ക് പോയിട്ട് നല്ലൊരു ഭക്ഷണം കഴിക്കാം. റാഹത്തായി കണക്കാക്കാം' മുസ്തഫ പറഞ്ഞു. വിഡിയോ വൈറലായതോടെ ശ്യാമിന് കയ്യടിച്ചും മുസ്തഫയുടെ വിവരങ്ങള്‍ തിരക്കിയും നിരവധിപേരാണ് രംഗത്തെത്തുന്നത്. സന്ധ്യാനാമങ്ങള്‍ വില്‍ക്കുന്ന മുസ്തഫ ഇക്കയ്ക്ക് ഇപ്പോള്‍ സൈബറിടത്തും ആരാധകര്‍ ഏറെയാണ്.