ഒരേ ക്ലാസിലിരുന്ന് പഠിച്ച ഇരട്ടക്കുട്ടികള്‍ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ എല്‍കെജി മുതല്‍ പിജി വരെ ഒരേ ക്ലാസിലിരുന്ന് പഠിച്ച് ഒരുമിച്ച് പിഎച്ച്ഡി നേടി ഒടുവില്‍ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇരട്ടകുട്ടികളുണ്ടെന്ന് പറഞ്ഞാലോ. കാസർകോട് മാവുങ്കാലിലാണ് ഈ ഇരട്ട സഹോദരിമാര്‍. മാവുങ്കാൽ നെല്ലിത്തറയിലെ എൻ.ബാബുവിന്റെയും എസ്.എസ്.സുയാഷയുടെയും മക്കളായ അക്ഷതയും അക്ഷയയും
പഠനവും പഠിപ്പിക്കലും
അക്ഷത പൈയും അക്ഷയ പൈയും. രൂപസാദൃശ്യം കൊണ്ട് ആരെയും കുഴക്കിക്കളയുന്ന ഇരട്ട സഹോദരിമാർ. പ്രീ പ്രൈമറി മുതൽ പഠിച്ചത് ഒരേ ക്ലാസിൽ. പിഎച്ച്ഡി നേടിയതും ഒരേ വിഷയത്തിൽ. ഏറ്റവുമൊടുവിൽ അതേ സർവകലാശാലയിൽ ഒരുമിച്ചു ജോലി ചെയ്യുകയാണ് ഈ മിടുക്കികൾ. മംഗളൂരു സർവകലാശാലയിൽ ബയോസയൻസ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർമാരാണ് അക്ഷതയും അക്ഷയയും.
പഠനത്തിലും മിടുമിടുക്കികൾ
എൽകെജി മുതൽ ഏഴാം ക്ലാസ് വരെ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും പിന്നീട് പത്താം ക്ലാസു വരെ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിലും ഒരേ ക്ലാസിൽ പഠിച്ച ഇവർ പ്ലസ് വൺ പഠനത്തിനായി വീണ്ടും ലിറ്റിൽ ഫ്ലവർ സ്കൂളിലെത്തി. നെഹ്റു കോളജിൽ ബിഎസ് സി പ്ലാൻ്റ് സയൻസിനും ഇവർ ഒരേ ക്ലാസിൽ തന്നെ. കോഴ്സിൽ അക്ഷയക്ക് ഒന്നാം റാങ്ക് . അക്ഷതക്ക് രണ്ടും. അവിടെയും തീർന്നില്ല. മംഗളൂരൂ സർവകലാശാലയില്‍ പിജിക്ക് ഒരേ ക്ലാസിൽ. അക്ഷയ രണ്ടാം റാങ്കും അക്ഷതക്ക് മൂന്നാം റാങ്ക്.
ജോലിയിലേക്ക്
ഒരുമിച്ചു നെറ്റും ജെആർഫും നേടി പിഎച്ച്ഡി പൂർത്തിയാക്കി. മംഗളൂരൂ സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ പോസ്റ്റിലേക്ക് അപേക്ഷിച്ചു. പതിവുപോലെ ഒരുമിച്ച് നിയമനവും. ബയോസയൻസ് വിഭാഗത്തിൽ ജോലിചെയ്യുകയാണ് ഇരട്ടകൾ.