1950 ൽ സിദ്ധിഖ് സേട്ട് ഫാറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷന് ദാനമായി നൽകിയ 404 ഏക്കർ ഭൂമി വഖഫാണോ ആണോ അല്ലയോ? ഉത്തരം വഖഫ് ട്രൈബ്യൂണലിൽ നിന്ന് വരും. വഖഫാണെന്ന് വഖഫ് ബോർഡും അല്ലെന്ന് ഫാറൂഖ് കോളജ് മാനേജ്മെൻ്റും വാദിക്കുമ്പോൾ ആർക്ക് അനുകൂലമാവും വിധി? 2019 ൽ ശേഷിക്കുന്ന 133 ഏക്കർ ഭൂമി വഖഫാണെന്ന് വഖഫ് ബോർഡ് കണ്ടെത്തിയതിനെ തുടർന്നാണ് നിയമം പോരാട്ടം തുടങ്ങുന്നത്. കേസ് വഖഫ് ട്രൈബ്യൂണലിൽ എത്തിയതും അങ്ങനെയാണ്. അതിനു മുൻപ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് 1970 ൽ ഫാറൂഖ് കോളജ് മാനേജ്മെൻ്റ് അസോസിയേഷൻ തന്നെ സത്യവാങ്മൂലം നൽകിയതിന്റെ രേഖകളും പുറത്തു വന്നു. അപ്പോൾ രണ്ടു നിലപാടോ ? 1970 ൽ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നടന്നപ്പോഴാണ് ആദ്യ നിലപാട് പുറത്തുവന്നത്. അന്ന് തർക്കം ഫാറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷനും മുനമ്പത്തെ താമസക്കാരും തമ്മിലായിരുന്നു. 1971 ൽ ഭൂമിയുടെ ഉടമസ്ഥാവകാശം ഫാറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷനാണെന്ന് പറവൂർ സബ് കോടതി വിധിച്ചു. 1975 ൽ ആ വിധി ഹൈക്കോടതിയും ശരിവച്ചു. അന്ന് നൽകിയ സത്യവാങ്മൂലത്തിലെ നിലപാടല്ല ഇന്ന് ഫാറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷനുള്ളത്. ഇന്നത്തെ നിലപാട് മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നാണ്.
കേസ് പരിഗണിക്കുന്നതിനിടെ വഖഫ് ട്രൈബ്യൂണലിൽ നിന്ന് കഴിഞ്ഞ ദിവസം ഒരു സുപ്രധാന നിരീക്ഷണം വന്നു. വില്‍പന വിലക്കുള്ളത് വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത ഭൂമിയ്ക്കല്ലെയെന്നും 1950 ൽ സിദ്ധിഖ് സേട്ട് ഫാറൂഖ് കോളജിന് നൽകിയ ഭൂമി വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്തിട്ടില്ലല്ലോയെന്നുമാണ് ട്രൈബ്യൂണൽ ചോദിച്ചത്.വഖഫ് ചെയ്ത് കഴിഞ്ഞാൽ ഭൂമി മൂന്ന് മാസത്തിനുള്ളിൽ വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം.1954 ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യാത്ത ഭൂമി വിൽക്കുന്നതിന് തടസമില്ല. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം.1994 ലെ വഖഫ് ഭേദഗതി നിയമം കൂടി വഖഫ് ട്രൈബ്യൂണൽ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തും.
മുനമ്പത്തെ ഭൂമിയുടെ സ്വഭാവമാണ് ഇപ്പോൾ വഖഫ് ട്രൈബ്യൂണൽ പരിശോധിക്കുന്നത്. ഭൂമി വഖഫാണോ ദാനമായി കിട്ടിയതാണോയെന്നാണ് നിലവില്‍ പരിശോധിക്കുന്നത്. ഭൂമിയുടെ റജിസ്ട്രേഷൻ രേഖകൾ ഹാജരാക്കാൻ ഫാറൂഖ് കോളജ് മാനേജ്മെന്റിനോട് ട്രൈബ്യൂണൽ നിർദേശിക്കുകയും ചെയ്തു. പറവൂർ സബ് കോടതിയും ഹൈക്കോടതിയും ഭൂമിയുടെ കൈവശാവകാശത്തിൽ മാത്രമാണ് തീരുമാനം എടുത്തതെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് റജിസ്ട്രേഷൻ രേഖകൾ ഹാജരാക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകിയത്.
1995 വരെ 220 പേർക്ക് ഭൂമി വിറ്റിട്ടുണ്ടെന്ന് വാദത്തിനിടെ ഫാറൂഖ് കോളജ് മാനേജ്മെൻ്റ് വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചു. അതിനിടെ മുനമ്പം വഖഫ് കേസില്‍ ഭൂമി വഖഫ് ചെയ്ത സിദ്ധീഖ് സേട്ടിന്‍റെ കൊച്ചുമക്കള്‍ നിലപാട് മാറ്റി. ഭൂമി വഖഫല്ലെന്ന് ഇവരുെട അഭിഭാഷകന്‍ വഖഫ് ട്രൈബ്യൂണലില്‍ വാദിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സുബൈദ ബായിയുടെ കൊച്ചു മക്കളാണ് നിലപാട് മാറ്റിയത്. സിദ്ധിഖ് സേഠിന്‍റെ മറ്റു മക്കളായ ഇർഷാദ് സേട്ടും നസീർ സേട്ടും ഭൂമി വഖാഫാണെന്ന നിലപാടിൽ തുടരുമ്പോഴാണ് മരിച്ചു പോയ സുബൈദ ഭായിയുടെ കൊച്ചുമക്കളുടെ നിലപാട് മാറ്റം. നിലപാടുമാറ്റത്തിന്‍റെ കാരണം വ്യക്തമല്ല. ഭൂമിയുടെ അനന്തരാവകാശികൾക്ക് പുതിയ വാദം ഉന്നയിക്കാമെന്നാണ് നിലപാടു മാറ്റിയ കക്ഷികളുടെ അഭിഭാഷകൻ വിശദീകരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ട് സൂബൈദ ബായി നല്‍കിയ ഹര്‍ജി കൂടി പരിഗണിച്ചാണ് മുനമ്പത്തെ ഭൂമി വഖഫായി ബോര്‍ഡ് 2019 മെയ് 20 ന് പ്രഖ്യാപിച്ചത്.ഇതിനു പിന്നാലെയാണ് ഇപ്പോൾ മുനമ്പം ഭൂമി തർക്കത്തിൽ അഭിഭാഷകനെ കമ്മീഷനെ വയ്ക്കണമെന്ന ആവശ്യവുമായി സിദ്ധിഖ് സേട്ടിന്റെ കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്.
ഫാറൂഖ് കോളജിന് കൈമാറിയ ഭൂമി സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. സിദ്ധിഖ് സേട്ടിന്റെ ബന്ധു ഇർഷാദ് സേട്ടാണ് കമ്മിഷനെ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകിയത്. ആകെ എത്ര ഭൂമി, കടലെടുത്ത ഭൂമി,കുടിയടപ്പ് അവകാശം എത്ര , അനധികൃത താമസക്കാർ എത്ര എന്നിവയിൽ പരിശോധന വേണമെന്നാണ് ആവശ്യം.
ഇതിനിടെ സുപ്രധാനമായ ഒരു ഇടപെടൽ ഹൈക്കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായി. മുനമ്പം ഭൂമി കേസിൽ അന്തിമ ഉത്തരവിറക്കുന്നതിന് വഖഫ് ട്രൈബ്യൂണലിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. അതെ സമയം വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസവുമില്ല. 1970 ലെ ഭൂമി കേസുമായി ബന്ധപ്പെട്ട രേഖകൾ പറവൂർ സബ് കോടതിയിൽ നിന്ന് വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്റെ ആവശ്യം വഖഫ് ട്രൈബ്യൂണൽ തള്ളിയതിനു പിന്നാലെ വഖഫ് ബോർഡ് ഹൈകോടതിയെ സമീപിച്ചിരുന്നു. വഖഫ് ബോർഡിന്റെ ഹർജിയിലാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയത്. ഫാറൂഖ് കോളജ് മാനേജ്മെന്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം 26 ന് രേഖകൾ ആവശ്യപ്പെട്ടുള്ള വഖഫ് ബോർഡിന്റെ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.വഖഫ് ബോർഡിന്റെയും ഫാറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെയും വാദം വഖഫ് ട്രൈബ്യൂണലിൽ തുടരും. അന്തിമ വിധി വൈകുകയും ചെയ്യും.