ആശാ സമരപന്തലിൽ വിഷുക്കണിക്കൊപ്പം ജീവനുള്ള ഒരു കുഞ്ഞു കണ്ണൻ. പേര് അമിത്ത്. അഞ്ചാം ക്ലാസുകാരനായ കണ്ണനോട് പ്രാർഥന എന്തെന്ന് ചോദിച്ചപ്പോ അവൻ്റെ മറുപടി അമ്മയുടെ സമരം ജയിക്കണമെന്നായിരുന്നു. തിരുവനന്തപുരത്തെ ആശാവര്‍ക്കര്‍ സൗമ്യയുടെ മകനാണ് സമരപ്പന്തലിലെ കണ്ണന്‍.
അമ്മ സമരം ജയിച്ച് വേഗം വീട്ടില്‍ വരണം, അവധിക്കാലമാണ് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി തരണം അതാണ്
അമിത്തിന്‍റെ ആഗ്രഹം. വിഷു നാളില്‍ തെരുവില്‍ ആശാവര്‍ക്കര്‍മാര്‍ ഒരുക്കിയ കണിക്കൊപ്പമാണ് മയില്‍പീലി ചൂടി ഒാടക്കുഴലും പിടിച്ച് കണ്ണനും നില്‍ക്കുന്നത്.
വീട്ടില്‍ കണിയൊരുക്കി കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കാന്‍ സാധിക്കാത്തതിലുളള സങ്കടമായിരുന്നു ആശമാരുടെ എല്ലാം മുഖത്ത്. മുഖ്യമന്ത്രി കണ്ണു തുറക്കാനാണ് വിഷു ദിനത്തില്‍ പട്ടിണി കിടക്കുന്നതെന്നായിരുന്നു നിരാഹാരം അനുഷ്ഠിക്കുന്ന ആശമാരുടെ മറുപടി. കെട്ടകാലം മാറി ജീവിക്കാനാവശ്യമായ വേതനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആശാ സമരം അറുപത്തിനാലാം ദിനത്തിലേയ്ക്ക് കടന്നു.