ട്രാവല്‍ വ്ലോഗ് വിഡിയോകളിലൂടെ സൈബറിടത്തെ നിറ സാന്നിധ്യമാണ് അരുണിമ ബാക്ക്പാക്കര്‍. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമയ്ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ച അമേരിക്കയിലുണ്ടായ ദുരനുഭവം അരുണിമ ഇന്‍സറ്റഗ്രാം, യൂ ട്യൂബ് ചാനലുകളില്‍ പങ്കുവെച്ചതാണ്. അമേരിക്കയില്‍ താന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും രാത്രി 12 മണിയോടെ തന്നെ ഇറക്കിവിട്ടെന്നാണ് അരുണിമ പറയുന്നത്. സുഹൃത്തായ ജോര്‍ജിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നും അരുണിമ പറയുന്നു. അമ്മയുടെ അച്ഛന്‍ വാടകയ്ക്കാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും കൊച്ചുമകള്‍ പറഞ്ഞത്രേ. അമേരിക്കയിലെ സംസ്കാരം ഇതാണോ എന്ന് തനിക്കറിയില്ല. മഴയത്ത് 6 ഡിഗ്രി തണുപ്പില്‍ പാതിരാത്രി നടുറോഡില്‍ നില്‍ക്കുകയാണെന്നും കരഞ്ഞുകൊണ്ട് അരുണിമ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജോര്‍ജ്.
സോഷ്യല്‍ മീഡിയയിലൂടെയും ഈ വിഷയത്തില്‍ പ്രതികരിച്ച വ്ലോഗര്‍മാരുടെ കമന്‍റ് ബോക്സിലൂടെയുമാണ് ജോര്‍ജിന്‍റെ പ്രതികരണം. ഒപ്പം അരുണിമയോട് ഈ രാത്രിയില്‍ വീട് വിട്ട് പോവരുതെന്ന് ജോര്‍ജും കുടുംബവും പറയുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.
‘അവളോട് രാത്രിയില്‍ ഇറങ്ങി പോകാന്‍ ആരും പറഞ്ഞിട്ടില്ല ഒരു ദിവസംകൂടി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ മാറിത്തരണം എന്ന് മാത്രമാണ് എന്റെ കൊച്ചുമോള്‍ പറഞ്ഞത്. പക്ഷെ രാത്രിതന്നെ അവള്‍ എന്നോട് പോലും പറയാതെ ഇറങ്ങിയത് വീഡിയോ ഇട്ടതും അവളുടെ കുടുംബം അവളെ പഠിപ്പിച്ച നാടോടി സംസ്‌കാരം ആയിരിക്കും’ എന്നാണ് ജോര്‍ജ് പറയുന്നത്.
വീട്ടുകാര്‍ അറിയാതെ എങ്ങനെ 3 ദിവസം അവിടെ താമസിക്കും എന്നും ജോര്‍ജ് ചോദിക്കുന്നുണ്ട്. അവള്‍ കൊണ്ടുവന്ന അഴുക്കു വസ്ത്രങ്ങള്‍ വരെ എന്റെ ഭാര്യ അവള്‍ക്കു വാഷ് ചെയ്തു ഉണക്കി കൊടുത്തു. 3 ദിവസം ഇവിടെ താമസിച്ചു. തിങ്കളാഴ്ച രാവിലെ മാറി താമസിക്കണം എന്നാണ് എന്റെ കൊച്ചുമോള്‍ പറഞ്ഞത്. അവള്‍ ആ രാത്രിയില്‍ തന്നെ ഇറങ്ങിപ്പോയി ജോര്‍ജ് പറയുന്നു.
അന്ന് അരുണിമ പറഞ്ഞത്
എനിക്ക് 4 വര്‍ഷമായി അറിയുന്ന ആളാണ് ജോര്‍ജ്. രണ്ട് ദിവസമായി ഞാന്‍ അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് വന്ന് വിളിച്ചതും അയാളായിരുന്നു. അയാളുടെ മക്കളും മക്കളുടെ മക്കളുമാണ് ഇവിടെ താമസിക്കുന്നത്. അയാള്‍ തന്നെ വലിഞ്ഞ് കയറി വന്ന് താമസിക്കുന്നത് പോലെയാണ് ഇവിടെ താമസിക്കുന്നത്. പക്ഷേ അത് എനിക്കറില്ലായിരുന്നു. എന്നോട് വന്ന് സ്നേഹത്തോടെ വീട്ടില്‍ താമസിക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാന്‍ ഇവിടെ വന്ന് താമസിച്ചു. എന്‍റെ വിഡിയോകള്‍ കാണുന്നവര്‍ക്ക് അറിയാം എന്നെ സ്നേഹത്തോടെ വിളിക്കുന്നവരുടെ വീടുകളില്‍ ഞാന്‍ താമസിക്കാറുണ്ട്. അമേരിക്കയില്‍ വന്ന് രണ്ടാമത്തെ ദിവസമാണ് ഇന്ന് . രണ്ടാമത്തെ ദിവസം തന്നെ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. എന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിയതും ന്യൂയോര്‍ക്ക് സിറ്റി കറക്കിയതുമൊക്കെ അയാളായിരുന്നു. ഭയങ്കര പാവമായിരുന്നു, എന്നോട് ഭയങ്കര സ്നേഹമായിരുന്നു. പക്ഷേ ആളുടെ മക്കളും കൊച്ചുമക്കളും അയാളെ ട്രീറ്റ് ചെയ്യുന്നത് അങ്ങനെയല്ല. ഇവിടെ ജനിച്ചുവളര്‍ന്ന മക്കളാണ്. ഒരു 20 വയസുള്ള പെണ്‍കുട്ടിയാണ് എന്നോട് സംസാരിച്ചത്. ഇവിടെ നില്‍ക്കാന്‍ പറ്റില്ലാ എന്നൊക്കെ പറഞ്ഞു. ഇപ്പോ രാത്രി സമയം 12 മണിയായി. അപ്പോഴാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്. എനിക്കറിയില്ല ഇവിടുന്ന് എങ്ങോട്ടാ പോവുക എന്നുള്ളത്. അറിയുന്ന വേറെ ആളുകള്‍ ഉണ്ടെങ്കില്‍പോലും പെട്ടന്ന് രാത്രി അവരെ വിളിച്ച് ബുദ്ധിമുട്ടിക്കാന്‍ പറ്റില്ല. ഞാന്‍ എന്തായാലും അവിടെ നിന്ന് ഇറങ്ങി. പുള്ളിക്കാരന്‍ ഭയങ്കര പാവമാണ്. ഇനി വിഡിയോ കണ്ടിട്ട് ആള് മോശമായി ചെയ്തു എന്ന് പറയുമല്ലോ എന്ന് കരുതിയാണ് ഞാന്‍ ഇത്രയും പറഞ്ഞത്.സ്വന്തം അമ്മയുടെ അച്ഛന്‍ ഇവിടെ വാടകയ്ക്കാണ് താമസിക്കുന്നതെന്നാണ് ആ കുട്ടി പറഞ്ഞത്. ചിലപ്പോള്‍ അമേരിക്കയിലെ കള്‍ച്ചര്‍ അങ്ങനെയായിരിക്കും. ഇവിടെ ജനിച്ചുവളര്‍ന്ന മലയാളികളുടെ കള്‍ച്ചറും അങ്ങനെയായിരിക്കും. എന്നെ ഇറക്കിവിട്ടതിലല്ല എനിക്ക് വിഷമം. ആ പുള്ളിക്കാരന്‍ അത്ര സ്നേഹത്തോടെയാണ് എന്നോട് സംസാരിച്ചിരുന്നത്. 70 വയസുള്ള ആളെന്നെ ന്യൂയോര്‍ക്ക് എല്ലാം കറക്കാന്‍ കൊണ്ടുപോയി. ഞാന്‍ ഒറ്റക്ക് പോയിക്കോളാം എന്ന് പറഞ്ഞിട്ടും എന്‍റെ കൂടെ വന്നു. സ്വന്തം മകളുടെ വീട്ടില്‍ ഇങ്ങനെയാണ് ആള് നിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് 4 വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ്. ഞാന്‍ യുഎസില്‍ വരുന്നതിന് മുന്‍പേ വിസ കൊടുക്ക്, എന്നാ യുഎസിലേക്ക് വരുന്നതെന്ന് പറഞ്ഞ് വിളിക്കുന്ന ഒരു പാവം പുള്ളിയായിരുന്നു. സ്വന്തം കൊച്ചുമക്കള്‍ അച്ഛാച്ഛനോട് ഇങ്ങനെയാണ് കാണിക്കുന്നത് എന്ന് എനിക്കറിയില്ലല്ലോ. ഇവിടെ മഴയാണ്. ഞാന്‍ നടുറോഡില്‍ നിക്കുകയാണ്. ഇവിടെ ആണെങ്കില്‍ 6 ഡിഗ്രിയാണ് തണുപ്പ്.