സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വടകര - കൈനാട്ടി ദേശീയപാതയില്‍ മുഹമ്മദ് നിഹാലിന്‍റെ കാർ സ്വകാര്യ ബസിൽ ഉരഞ്ഞിരുന്നു. ഇതേതുടർന്ന് ബസിലെ തൊഴിലാളികളുമായി ഉണ്ടായ തർക്കത്തിലാണ് മുഹമ്മദ് നിഹാല്‍ തോക്ക് ചൂണ്ടിയത്. കാറുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നേരത്തെയും വിവാദങ്ങളിലെ സ്ഥിരം നായകനാണ് തൊപ്പി. മലപ്പുറം വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിന് തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. അന്ന് പൊലീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് തൊപ്പിയെ പൊക്കിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും വാതില്‍ തുറക്കാന്‍ നിഹാദ് തയ്യാറായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെ തൊപ്പിയുടെ വീട്ടിൽ നിന്നും പാലാരിവട്ടം പൊലീസ് എംഡിഎംഎ പിടികൂടിയിരുന്നു. തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സഫ് സംഘം റെയ്ഡ് നടത്തിയാണ് രാസലഹരി പിടികൂടിയത്. മൂന്ന് പെണ്‍ സുഹൃത്തുക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തതോടെ നിഹാദ് ഒളിവില്‍ പോയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പ്രതിയല്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിഹാദിന്‍റെ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയായിരുന്നു.