viral-fb-post

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് ഒട്ടേറെ മതപണ്ഡിതന്മാര്‍ രംഗത്തെത്തിയിരുന്നു. വീട്ടില്‍ തന്നെ സ്ത്രികള്‍ പ്രസവിക്കണമെന്നും അത് അവരവരുടെ ഇഷ്ടമാണെന്നുമായിരുന്നു അവരുടെ പൊതുനിലപാട്. അശാസ്ത്രീയ രീതിയിലുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും, നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

യൂറിനറി ബ്ലാഡർ ഏതാ ഗാൾ ബ്ലാഡർ ഏതാന്ന്‌ അറിയാത്തവരാണ്‌ ഇവിടെ പ്രസവത്തെക്കുറിച്ച്‌ ആധികാരികമായി തള്ളുന്നത്‌

ഇപ്പോളഴിതാ  മതപണ്ഡിതന്മാരുടെ നിലപാടിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. തന്‍റെ ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പില്‍ ഷിംന പറയുന്നത് ഇങ്ങനെ, ‘കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്മാർ പെണ്ണുങ്ങളെ കൊല്ലാനുള്ള കൊട്ടേഷൻ എടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. മനുഷ്യശരീരത്തെക്കുറിച്ച്‌ നിങ്ങൾ എന്തറിഞ്ഞിട്ടാണ്‌? യൂറിനറി ബ്ലാഡർ ഏതാ ഗാൾ ബ്ലാഡർ ഏതാന്ന്‌ അറിയാത്തവരാണ്‌ ഇവിടെ പ്രസവത്തെക്കുറിച്ച്‌ ആധികാരികമായി തള്ളുന്നത്‌. പെണ്ണുങ്ങൾ എവിടെ പ്രസവിക്കുമെന്ന് ബീജദാതാവ് തന്‍റെ വിവരക്കേട് ആധാരമാക്കി തീരുമാനിക്കുമ്പോ മിണ്ടാതെ അനുസരിച്ച് ഇരുട്ടുമുറിയിലേക്ക് കേറിക്കിടന്നു രണ്ട് ജീവൻ പണയം വെച്ച് പ്രസവിക്കാൻ ശ്രമിക്കുന്ന ആ സ്ത്രീകളുടെ തീരുമാനം, സ്വാതന്ത്ര്യം എന്നൊന്നും ഗീർവാണമടിക്കരുത് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്

കുറിപ്പ്

കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്മാർ പെണ്ണുങ്ങളെ കൊല്ലാനുള്ള കൊട്ടേഷൻ എടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഇന്നലെ നടന്ന   പത്രസമ്മേളനത്തിൽ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ എന്ന പണ്ഡിതവേഷധാരി ചോദിക്കുന്നത്‌ "എന്തായിപ്പോ വീട്ടിൽ പ്രസവിച്ചാൽ?...അങ്ങനെ പാടില്ല എന്ന് നിയമമുണ്ടോ? " എന്നാണ്. കുറച്ച് ദിവസം മുൻപ് വേറൊരാളുടെ വകയായി  "മനുഷ്യഗർഭം നാല് കൊല്ലം വരെ നീണ്ടു നിൽക്കാം" എന്ന വിചിത്ര വാദവും കേട്ടിരുന്നു. ഇതിന്‍റെയൊക്കെ മറുപടി  എഴുതിയും പറഞ്ഞും തഴമ്പിച്ചതാണ്. പറയാനുള്ളത് വേറെ ചിലതാണ്.

 

ആവശ്യത്തിനും അതിലേറെയും ഖുർആനും ഹദീസും കിതാബുകളും വർഷങ്ങളോളം പഠിച്ച ഇവരോട് ഇവയിൽ ഏതെങ്കിലും ഒന്നിലെ ഒരു ഭാഗത്തെക്കുറിച്ച് ഞാൻ വളരെ ആധികാരികമായി തള്ളിയാൽ "ഇതൊക്കെ പറയാൻ ഇവൾ ഏതെടാ? ഇവൾക്ക് ഇസ്‌ലാമിനെ കുറിച്ച് എന്ത് പുല്ല് അറിയാം" എന്ന് നിങ്ങൾ ചിന്തിക്കുകയും വളരെ നിശിതമായി എന്നെ വിമർശിക്കുകയും ചെയ്യില്ലേ? എനിക്കതിനുള്ള അർഹത ഇല്ലെന്ന് നിങ്ങൾക്കറിയാം. എക്സാക്റ്റ്ലി ഇതാണ്‌ ഇപ്പോൾ എന്‍റെയും മനസ്സിലുള്ളത്‌. മനുഷ്യശരീരത്തെക്കുറിച്ച്‌ നിങ്ങൾ എന്തറിഞ്ഞിട്ടാണ്‌? യൂറിനറി ബ്ലാഡർ ഏതാ ഗാൾ ബ്ലാഡർ ഏതാന്ന്‌ അറിയാത്തവരാണ്‌ ഇവിടെ പ്രസവത്തെക്കുറിച്ച്‌ ആധികാരികമായി തള്ളുന്നത്‌ !

 

ഇനി ഇതിന്‍റെ ഉത്തരമായി ആ മറ്റേ ഐറ്റം എടുക്കണ്ട - ഇസ്‌ലാമിന്‍റെ ലോകാവസാനം വരെയുള്ള നിലനിൽപും അതിന്‍റെ മഹനീയതയും. ആരെങ്കിലും നിങ്ങളുടെ 'മഹദ് വചനം' എതിർത്താൽ 'ഇസ്‌ലാമിനെ തൂക്കി കൊന്നേ' എന്ന് ഇരവാദം മുഴക്കി നിലവിളിച്ചോണ്ട് വരികയും വേണ്ട. നിങ്ങൾ പറയുന്ന വിശദീകരണവും വായിൽ തോന്നിയത് കോതക്ക് പാട്ടുമല്ല മതം.  ആണെന്ന് വിശ്വസിക്കുന്ന ചില പൊട്ടക്കിണറ്റിലെ തവളകളായ അണികൾ തലച്ചോറ് പണയത്തിൽ ആയത് കൊണ്ട് അങ്ങനെ വിശ്വസിച്ചേക്കാം.. ആത്മീയനേതാക്കൾ  തുപ്പിയാലും പായസമാണെന്ന്‌ പറഞ്ഞ്‌ കോരി കുടിക്കുന്നതൊക്കെ വല്ലാത്ത ശോചനീയാവസ്ഥ തന്നെയാണ്. 

 

പിന്നെ, ഈ നാലും മൂന്നും ഏഴ് പണ്ഡിതവേഷധാരികൾ പുലമ്പുന്ന ആളെകൊല്ലി തത്വങ്ങൾ ആയിരുന്നു ഇസ്ലാമെങ്കിൽ ഇന്ന് ഞാൻ ഉൾപ്പെടെയുള്ളവർ വീട്ടിൽ നിന്ന് പ്രസവിക്കാൻ നിർബന്ധിതരായി  മയ്യത്തായേനെ... ഉയരം കുറവായതിന്‍റെയും ഇടുപ്പ് വിസ്താരം കുറഞ്ഞതിന്‍റെയും പേരിൽ പതിനൊന്ന് മണിക്കൂർ ലേബർ റൂമിൽ പ്രസവവേദന തിന്ന്,  ഡോക്ടറുടെ മേൽനോട്ടത്തിൽ കഴിഞ്ഞ്, പ്രസവം പുരോഗമിക്കുന്നില്ലെന്ന് കണ്ട് അവസാനനിമിഷം സിസേറിയനിലൂടെ എന്‍റെ മോനെ പുറത്തെടുത്തത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നവളാണ് ഞാൻ, എന്‍റെ മകനും. ആരും ഞങ്ങളെ വേദന തുടങ്ങിയ പാടെ കീറീട്ടില്ല, ഉപദ്രവിച്ചിട്ടില്ല. ഈ പറയുന്ന 'സിസേറിയനോടെ രോഗിയാകലും, നട്ടെല്ലിന് കുത്തി വെച്ചത് കൊണ്ടുള്ള വിട്ട് മാറാത്ത നടുവേദനയയും' ഒന്നും ഉണ്ടായിട്ടില്ല. ആ തീരുമാനം കൊണ്ട് എന്‍റെ കുട്ടികൾക്ക് ഇന്ന്  തള്ളയുണ്ട്, അത് ചെറിയൊരു കാര്യമല്ല.

 

പെണ്ണുങ്ങൾ എവിടെ പ്രസവിക്കുമെന്ന് ബീജദാതാവ് തൻ്റെ വിവരക്കേട് ആധാരമാക്കി തീരുമാനിക്കുമ്പോ മിണ്ടാതെ അനുസരിച്ച് ഇരുട്ടുമുറിയിലേക്ക് കേറിക്കിടന്നു രണ്ട് ജീവൻ പണയം വെച്ച് പ്രസവിക്കാൻ ശ്രമിക്കുന്ന ആ സ്ത്രീകളുടെ 'തീരുമാനം, സ്വാതന്ത്ര്യം' എന്നൊന്നും ഗീർവാണമടിക്കരുത് ഉസ്താദേ... ഉച്ചക്ക് മുരിങ്ങയില താളിക്കണോ ഉണക്കമീൻ പൊരിക്കണോ എന്ന തീരുമാനം വരെ കുട്ടികളുടെ ബാപ്പയുടെ ഇഷ്ടം പോലെ തീരുമാനിക്കുന്ന അടുക്കളകൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്... സ്വന്തം ഇഷ്ടം എന്നൊരു സംഗതി ഉണ്ടെന്നു പോലും മറന്നു പോയ പാവം പെണ്ണുങ്ങൾ! എന്നിട്ടാണ്‌... ആണുങ്ങൾ 'അനുവദിച്ചു തരുന്ന' തീരുമാനങ്ങളും പരിമിതസ്വാതന്ത്ര്യങ്ങളും ജനനം മുതൽ സഹിക്കുന്നവൾ പുരക്കകത്ത് പെറണം എന്ന് പറഞ്ഞാൽ കേൾക്കേണ്ടി വരും. ആശുപത്രിയിൽ പോയി പ്രസവിച്ചതിന്‍റെ പേരിൽ ഒരു മുസ്ലിയാർ മൊഴി ചൊല്ലിയ പെണ്ണിനെയും അറിയാം. നിങ്ങളെ പോലെ വായുവിൽ നിന്നെടുത്ത് തള്ളുന്നതല്ല, നേരിട്ടറിയാവുന്ന കേസാണ്.

 

അപ്പൊ പറഞ്ഞ് വന്നത് ഇത്രേ ഉള്ളൂ.. മതപ്രഭാഷണത്തിൽ പറയാൻ തന്നെ  തീർത്താൽ തീരാത്തത്ര വിഷയങ്ങൾ ഉണ്ടല്ലോ... അതൊക്കെ പറഞ്ഞ് പൈസ ഉണ്ടാക്കുന്നുമുണ്ടല്ലോ... മനുഷ്യരുടെ ജീവനും ആരോഗ്യവും ജീവിതവും  സംരക്ഷിക്കാൻ തക്ക വിദ്യാഭ്യാസയോഗ്യതയും കഴിവും ഉള്ളവർ നമ്മുടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്‌...അവരത്‌ വൃത്തിക്ക്‌ ചെയ്യുന്നുമുണ്ട്‌. നിങ്ങളായിട്ട്‌ സുയിപ്പാക്കാഞ്ഞാൽ മതി. വറ്റിച്ചു വെച്ച ചോറും ഇറച്ചിയും ദിവസവും തിന്നിട്ട് എല്ലിന്റെ ഉള്ളിൽ കുത്തുമ്പോ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവനായങ്ങോട്ട് സംരക്ഷിക്കാൻ ഇറങ്ങേണ്ട. ഈ പറഞ്ഞ ജാതി ജാഹിലിയ്യ കാലത്തെ ഹലാക്കിലെ സംരക്ഷണവും ഞങ്ങൾക്ക് വേണ്ട. ഈ വിഷയത്തിൽ നിങ്ങൾ ഒന്ന്‌ മിണ്ടാതിരുന്നാൽ തന്നെ പടച്ചോന്റെ അതുല്യമായ പ്രതിഫലം ഉണ്ടാകും.  അമ്മാതിരി സാമൂഹ്യദ്രോഹമാണ് ഇപ്പോൾ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത്

ENGLISH SUMMARY:

Following the death of a young woman during a home birth in Malappuram, Kerala's health department warned against misleading information. In response, some Muslim religious leaders defended home deliveries, claiming it as a matter of personal choice. However, Dr. Shimna Azeez strongly criticized this stance through a powerful Facebook post. She accused certain religious scholars of spreading dangerous misinformation without any understanding of the human body, sarcastically noting that they don’t even know the difference between the urinary bladder and the gall bladder. She stated that blindly following spiritual leaders who dismiss science is a grave situation and emphasized that childbirth decisions should not be based on a sperm donor’s ignorance. Her note ended with a strong message: “Don’t glorify ignorance, Usthad