ആശങ്ക വര്‍ധിപ്പിച്ച് സംസ്ഥാനത്ത് വീടുകളിലെ പ്രസവം വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം സംസ്ഥാനത്ത് രണ്ട് ലക്ഷം പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങളും വീടുകളിലാണ് നടന്നതെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിക്കുന്നു. എന്നാല്‍ വീടുകളിലെ പ്രസവങ്ങള്‍ യാതൊരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് ആരോഗ്യവിദഗദ്ധര്‍ പറയുന്നു.
മുന്‍വര്‍ഷങ്ങളിലെയടക്കം കണക്കുകള്‍ പ്രകാരം വീടുകളിലെ പ്രസവം ഏറ്റവും കൂടുതല്‍ നടന്നത് മലപ്പുറത്താണ്. കുഞ്ഞുങ്ങള്‍ക്കുള്ള കുത്തിവെപ്പുകള്‍ എടുക്കുന്നതിലും പിറകില്‍ മലപ്പുറമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഓരോ പ്രസവവും വ്യത്യസ്തമാണെന്നും എപ്പോഴാണ് സങ്കീര്‍ണതയുണ്ടാവുകയെന്നത് പ്രവചിക്കാനില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ആശുപത്രികളിലെ പ്രസവങ്ങളിലും ഗര്‍ഭിണികള്‍ മരിക്കുന്നുണ്ടെങ്കിലും അത് അപൂര്‍വമാണെന്നാണ് ആരോഗ്യവിദഗദ്ധര്‍ ചൂണ്ടികാണിക്കുന്നത്. ക്യത്യമായ ബോധവത്കരണത്തിലൂടെയാണ് കേരളത്തിലെ പ്രസവത്തിലെ മരണനിരക്ക് കുറഞ്ഞത്. എന്നാല്‍ ആധുനികകാലത്ത് വീടുകളിലെ പ്രസവങ്ങള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.